ജനാധിപത്യ രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ വ്യക്തിയെ ആയിരിക്കണം വിജയിയായി പ്രഖ്യാപിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി താര സംഘടനയായ അമ്മയ്‌ക്ക് നടന്റെ പിഷാരടി കത്ത് നൽകിയിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രമേശ് പിഷാരടി വിജയിച്ചിട്ടും ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ അദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു. ഇതിനെതിരെയാണ് നടൻ കത്തെഴുതിയത്. ഇത് ചർച്ചയായതോടെ സംഭവത്തിൽ വിശദീകരണവുമായി താരം രംഗത്ത് വന്നു. കൃത്യമായി സ്ത്രീകൾക്ക് സംവരണം ചെയ്ത് സീറ്റുകൾ മാറ്റിവയ്‌ക്കണമെന്നാണ് തന്റെ ആവശ്യമെന്നും രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.
“ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് താരതമ്യേന വോട്ട് കുറഞ്ഞുപോയി. വോട്ട് കുറഞ്ഞു പോയെങ്കിലും അവരെ ഉൾപ്പെടുത്തുകയായിരുന്നു. നാല് സ്ത്രീകൾ വേണമെന്നുള്ള ചട്ടം നടപ്പിലാക്കുക എന്നത് സംഘടനയുടെ ഉത്തരവാദിത്തമായിരുന്നു. അപ്പോൾ ഫോട്ടോ കൂടിയ പുരുഷന്മാരെ മാറ്റിയിട്ട് ആ സ്ഥാനത്തേക്ക് സ്ത്രീകളെ ഉൾപ്പെടുത്തി. എന്നാൽ അതിൽ ഒരു പ്രശ്നമുണ്ട്. ജനാധിപത്യപരമായി വോട്ട് കൂടുതൽ കിട്ടിയ ആള് ജയിക്കണം”.
“അൻസിബയാണ് എനിക്ക് പകരം വന്നിരിക്കുന്നത്. അൻസിബ നമ്മുടെ സഹോദരിയാണ്, സ്വന്തം പോലെയുള്ള ആളുകളാണ്. അവര് വന്നതിൽ സന്തോഷമുണ്ട്. ഞാൻ മാറിയാണ് കൊടുത്തത്. പക്ഷേ പരാജയപ്പെട്ട രീതിയിലാണ് വാർത്തകൾ വന്നത്. അങ്ങനെ ഒരു വാർത്ത വരുത്തേണ്ട ആവശ്യമില്ലായിരുന്നു. അടുത്ത തവണ തൊട്ട്, നാല് സീറ്റ് സംവരണം ചെയ്ത് കൃത്യമായി സ്ത്രീകൾക്ക് വേണ്ടി മാറ്റിവെക്കുക. എന്നെ ലാലേട്ടനും സിദ്ദിക്കായും വിളിച്ചിരുന്നു. വാർത്ത വന്നപ്പോൾ അമ്മയ്‌ക്ക് ഒരു കത്ത് അയച്ചു എന്നെ ഉള്ളൂ”-രമേശ് പിഷാരടി പറഞ്ഞു.