സാൻഹോസെ: ഭാരം കുറയ്ക്കാൻ പലവിധത്തിലുള്ള ഡയറ്റുകൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. പട്ടിണി കിടന്ന് തൂക്കം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് സോഷ്യൽമീഡിയ താരമായ ഒരു യുവാവ്. 21 ദിവസം കൊണ്ട് 13 കിലോയാണ് അദ്ദേഹം കുറച്ചത്. ഇതിനായി കണ്ടെത്തിയ മാർഗം കേട്ട് അമ്പരന്നിരിക്കുകയാണ് ഇന്റർനെറ്റ് ലോകം. വാട്ടർ ഫാസ്റ്റിംഗ് ആയിരുന്നു കക്ഷി സ്വീകരിച്ച ഡയറ്റ്.
കോസ്റ്ററിക്കയിൽ നിന്നുള്ള ആഡിസ് മില്ലറാണ് വൈറൽ താരം. ദിവസം മുഴുവൻ കുടിവെള്ളം മാത്രം ഭക്ഷണം. എപ്പോഴും വെള്ളം കുടിച്ചുകൊണ്ടിരിക്കും. ദിവസവും നാല് ലിറ്റർ വെള്ളം വരെ ഇത്തരത്തിൽ കുടിച്ചു. എന്നാൽ ശരീരത്തിന് അത് മതിയാകുന്നില്ലെന്ന് മനസിലാക്കിയ മില്ലെർ കൂടുതൽ വെള്ളം കുടിക്കാൻ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും എഴുന്നേറ്റ് നടക്കാനാകാത്ത അവസ്ഥ.
19-ാമത്തെ ദിവസമെത്തിയപ്പോൾ വിശപ്പ് പോലും അനുഭവപ്പെടാതായി. ഉന്മേഷം തോന്നിത്തുടങ്ങി. ശരീരം ശോഷിച്ച് വന്നെങ്കിലും വല്ലാത്തൊരു ഊർജം അനുഭവപ്പെടാൻ തുടങ്ങി. കൊവിഡ് പിടിപെട്ട കാലത്ത് നഷ്ടപ്പെട്ട ഘ്രാണശക്തി ഇതോടെ തിരികെ ലഭിച്ചുവെന്നും മില്ലർ പറയുന്നു. കേൾവിശക്തി മെച്ചപ്പെട്ടതായും ഓർമശക്തി വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ മില്ലർ പങ്കുവച്ച യൂട്യൂബ് വീഡിയോയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
അടുത്തിടെയാണ് വാട്ടർ ഫാസ്റ്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. വെള്ളം മാത്രം കുടിച്ചുകൊണ്ട് കുറച്ച് ദിവസങ്ങൾ തള്ളിനീക്കുന്ന രീതിയാണിത്. ശരീരത്തിന് അനുകൂലമായ നിരവധി മാറ്റങ്ങൾ ലഭിക്കാൻ ഇത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. വിട്ടുമാറാത്ത പല രോഗങ്ങളും ഭേദപ്പെടാൻ ഇത് സഹായിക്കുമെന്നും ചിലർ അവകാശപ്പെടുന്നു. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും വാട്ടർ ഫാസ്റ്റിംഗ് നിയന്ത്രിത അളവിൽ മാത്രമേ പാടുകയുള്ളൂ. ദീർഘനാൾ ചെയ്താൽ ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. മാത്രവുമല്ല, വാട്ടർ ഫാസ്റ്റിംഗ് സ്വീകരിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടേണ്ടതും അത്യന്താപേക്ഷിതമാണ്.