ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ വരവേൽക്കാനൊരുങ്ങുകയാണ് രാജ്യം. ടൂർണമെന്റിന് മുമ്പ് യുവതാരം റിയാൻ പരാഗ് നടത്തിയ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. പരാഗിന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം.
കരിയറിൽ എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും ദേശീയ ടീമിനെ പിന്തുണയ്‌ക്കുകയും രാജ്യസ്നേഹം പ്രകടിപ്പിക്കുകയും വേണമെന്ന് ശ്രീശാന്ത് പറഞ്ഞു. ‘ലോകകപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തത് കാരണം മത്സരങ്ങളൊന്നും കാണില്ലെന്നാണ് ചില യുവതാരങ്ങൾ പറഞ്ഞത്. എനിക്ക് പറയാനുള്ളത് നിങ്ങൾ ആദ്യം രാജ്യസ്‌നേഹം പ്രകടിപ്പിക്കണമെന്നാണ്. കൂടാതെ നിങ്ങൾ ക്രിക്കറ്റ് പ്രേമി ആയിരിക്കുകയും വേണം. പക്ഷെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത് ആരാണോ അവരെ ഹൃദയം കൊണ്ട് പിന്തുണയ്‌ക്കുകയും വേണം”. ശ്രീശാന്ത് പറഞ്ഞു.
രൺവീർ അല്ലാബാദിയയുമായി നടത്തിയ പോഡ്കാസ്റ്റിലാണ് ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിനാൽ താൻ ടെലിവിഷനിൽ മത്സരം കാണില്ലെന്ന് റിയാൻ പരാഗ് പറഞ്ഞത്. സിംബാബ്വെ പര്യടനത്തിലൂടെ ദേശീയ ടീമിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് പരാഗ്. ജൂലൈ 6ന് ആരംഭിക്കുന്ന പരമ്പരയിൽ 5 മത്സരങ്ങളാണുള്ളത്.
രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ 531 റൺസാണ് താരം നേടിയത്.