റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് അതിർത്തി സുരക്ഷാ സേന. ബിഎസ്എഫും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. സ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. അബുജ്മദ് വനമേഖലയിലായിരുന്നു പരിശോധന നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ മാവോയിസ്റ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
സംസ്ഥാനത്ത് ഈ വർഷം 138 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ജൂൺ 15-ന് നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാൻ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.















