ലക്നൗ: ഹത്രാസിലെ രതിഭാൻപൂരിൽ നടന്ന സത് സംഗിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 116 ആയി. അലിഗഡ് ഐജി ശലഭ് മാത്തൂറാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റിയതായി ഐജി മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.
പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകരെ കേസിൽ പ്രതിചേർക്കും. അനുവദിച്ചതിനേക്കാൾ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിന് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐജി പറഞ്ഞു.
സത് സംഗിനെത്തിയവർ വേദിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും അകപ്പെടുകയായിരുന്നു. പരിക്കേറ്റവർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















