ലക്നൗ:ഹത്രാസ് അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞതായി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിലെ ഹത്രാസിൽ സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 116 പേരാണ് മരിച്ചത്. നൂറുകണക്കിനാളുകൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ സത്സംഗിനെത്തിയിരുന്നു. അതേസമയം മരണസംഖ്യ 130 കടന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സത്സംഗിന്റെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം. മുഖ്യ സംഘാടകൻ ഭോലെ ബാബയ്‌ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മണിപ്പൂരി ജില്ലയിലെ രാം കുതിർ ചാരിറ്റബിൾ ട്രസ്റ്റിൽ പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരത്തെ അപകടത്തിൽ 116 പേർ മരണപ്പെട്ടതായി അലിഗഡ് ഐജി ശലഭ് മാത്തൂർ സ്ഥിരീകരിച്ചിരുന്നു.
കൊല്ലപ്പെട്ട 116 പേരിൽ 7 കുട്ടികളും ഒരു പുരുഷനും ബാക്കിയുള്ളവർ സ്ത്രീകളുമാണെന്ന് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് പറഞ്ഞു. ശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകടസ്ഥലം സന്ദർശിച്ചേക്കും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.















