ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുന്നതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ.
ഭാരതത്തിന്റെ ഭരണഘടന കൈയിൽ പിടിക്കാൻ മാത്രമുള്ളതല്ല, ജീവിതത്തിൽ ആചരിക്കാനുള്ളത് കൂടിയാണെണെന്നായിരുന്നു പ്രതിപക്ഷം ഇറങ്ങിപോയ വിഷയത്തെ ഉപരാഷ്‌ട്രപതി വിമർശിച്ചത്. പ്രതിപക്ഷം ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. എംപിമാരുടെ സത്യപ്രതിജ്ഞയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. ഭരണഘടന കയ്യിൽ വച്ച് നടക്കുക മാത്രമല്ല ചെയ്യേണ്ടത്. അത് ജീവിക്കാനുള്ള പ്രേരണ കൂടിയാകണം. മര്യാദയില്ലാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നും ഉപരിസഭ രാജ്യത്തിന് മാതൃകയാകേണ്ടതുണ്ടെന്നും ഉപരാഷ്‌ട്രപതി ഓർമിപ്പിച്ചു.
തടസ്സങ്ങളില്ലാതെ സംസാരിക്കാൻ പ്രതിപക്ഷത്തിന് മതിയായ സമയം നൽകിയിരുന്നു. ഇന്ന് അവർ അന്തസ്സിന് ചേരാത്ത പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. ഭരണഘടനയ്‌ക്ക് മേൽ ചെയ്ത സത്യപ്രതിജ്ഞയെ അവർ അവഹേളിച്ചു. ഇന്ത്യൻ ഭരണഘടനയ്‌ക്ക് ഇതിലും വലിയ അവഹേളനം വേറെയുണ്ടാകില്ല. പ്രതിപക്ഷത്തിന്റെ സമീപനത്തെ അപലപിക്കുന്നു. ഇന്ത്യൻ ഭരണഘടന കൈകളിൽ മാത്രം പിടിക്കേണ്ട ഒന്നല്ല, അത് ജീവിതത്തിന്റെ പുസ്തകമാണ്. ആത്മപരിശോധന നടത്തി കടമ നിർവഹിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യസഭാ ചെയർമാൻ ചൂണ്ടിക്കാട്ടി.















