“കുബ്ജ പാണ്ഢ്യൻ” എന്ന രാജാവിന്റെ കുബ്ജത്വം അഥവാ കൂന് തീർത്ത് സുന്ദരനും സദ്ഗുണസമ്പന്നനുമാക്കിയ ലീലയാണ് ഇത്. പാണ്ഢ്യ ദേശം വളരെക്കാലം പരിപാലിച്ചതിനുശേഷം ജഗന്നാഥ പാണ്ഢ്യൻ ശിവലോകം പ്രാപിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ പരമ്പരയിൽ പെട്ട അനേകം പാണ്ഢ്യ രാജാക്കന്മാരും സുന്ദരേശാനുഗ്രഹത്താൽ മധുരാപുരിയെ ഭംഗിയായി സംരക്ഷിച്ചു. ആ പരമ്പരയിൽ പെട്ട കുങ്കുമ പാണ്ഢ്യൻ കുങ്കുമം കൊണ്ടും അതിനുശേഷം കർപ്പൂര പാണ്ഢ്യൻ കർപ്പൂരം കൊണ്ടും ശിവാർച്ചന നടത്തി. ചോള – ചേര രാജകുമാരന്മാരെ യുദ്ധത്തിൽ ജയിച്ച ശത്രു ശാസന പാണ്ഢ്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രനായ കുബ്ജ പാണ്ഢ്യൻ രാജ്യം ഭരിച്ചു.
ചോള ചേര രാജ്യങ്ങളെ ഒന്നിച്ചു ചേർത്ത് അദ്ദേഹം ഭരണം നടത്തി. ചോള രാജാവ് പുത്രിയായ “വനിതേശ്വരി”യെ കുബ്ജ പാണ്ഢ്യന് വിവാഹം കഴിച്ചു കൊടുത്തു. അതോടൊപ്പം രാജാവ് ധാരാളം ധനവും ധാന്യവും കുബ്ജ പാണ്ഢ്യന് നൽകി.
കുബ്ജ പാണ്ഢ്യന് ജനനം മുതൽ കുബ്ജം അഥവാ കൂന് എന്ന വൈകല്യം ഉണ്ടായിരുന്നു. പൂർവ്വജന്മ പാപകൃതമാണ് ഇതിന് കാരണം. ഈ വൈകല്യം ഉണ്ടായിരുന്നതുകൊണ്ട് വേദോക്തമായ കർമ്മങ്ങളിൽ അദ്ദേഹം ശ്രദ്ധിച്ചില്ല. മാത്രമല്ല നിരീശ്വരവാദത്തിൽ വിശ്വസിക്കുകയും ചെയ്തു. ഭസ്മരുദ്രാക്ഷങ്ങൾ ധരിക്കാതെയും ശിവഭക്തി ഇല്ലാതെയുമാണ് അദ്ദേഹം ജീവിതം നയിച്ചത്. രാജാവിന്റെ ഈ ദുർബുദ്ധി പ്രജകളും അനുസരിക്കേണ്ടതായി വന്നു. ശിവഭക്തിയില്ലാതെ അവരും ജീവിച്ചു. പത്നിയും മന്ത്രിയും ശിവഭക്തരായിരുന്നുവെങ്കിലും രാജാജ്ഞ ഭയന്ന് അവരും ഭസ്മരുദ്രാക്ഷാദികൾ ഉപേക്ഷിച്ചു. ശിവഭഗവാനെ മനസാ പൂജിച്ചു ജലത്തെ ഭസ്മക്കുറിയായി സങ്കൽപ്പിച്ച് ധരിച്ചു.
രാജാവിന്റെ ഈ ജീവിതരീതിയിൽ വിഷമം തോന്നിയ മന്ത്രിയും രാജപത്നിയും ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് നിശ്ചയിച്ചു.. പ്രജകളും ഭക്തിമാർഗ്ഗത്തിൽ സഞ്ചരിക്കാത്തത് കൊണ്ട് രാജ്യം ഐശ്വര്യ ഹീനമായി. നാട്ടിൽ യഥാസമയം മഴയും ലഭിച്ചില്ല. അക്കാലത്ത് ചിദംബരത്തുനിന്ന് ശിവാനന്ദമുനി എന്ന ഭക്തൻ അവിടെ എത്തി. സുന്ദരേശ ഭഗവാനെ ദർശിക്കുവാൻ വന്ന അദ്ദേഹത്തെ രാജ്ഞിയും മന്ത്രിയും സന്ദർശിച്ചു. നാട്ടിലെ ദുരവസ്ഥയും അറിയിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ബ്രഹ്മപുരത്തിൽ ശിവ ഭക്തനായ ഒരു ബ്രാഹ്മണന്റെ പുത്രനായി ശിവപുത്രനായ സുബ്രഹ്മണ്യൻ അവതരിച്ചിട്ടുണ്ട്.. സുബ്രഹ്മണ്യന്റെ മഹത്വമെല്ലാം മൂന്നു വയസ്സുള്ള ആ കുമാരന് ഉണ്ട്. ജ്ഞാന സംബന്ധർ എന്നാണ് ബാലന്റെ നാമധേയം. എല്ലാ സുവക്ഷേത്രങ്ങളിലും ദർശനം നടത്തിക്കൊണ്ടിരിക്കുന്ന ജ്ഞാന സംബന്ധർ കാലവിളമ്പം കൂടാതെ ഹാലാസ്യത്തിലും എത്തും.അദ്ദേഹം ഇവിടെ വന്നു കഴിയുമ്പോൾ എല്ലാത്തിനും പരിഹാരം ഉണ്ടാകും..
ശിവാനന്ദമുനിയിൽ നിന്ന് ഇത്രയും കാര്യങ്ങൾ അറിഞ്ഞ രാജപത്നിയും മന്ത്രിയും തങ്ങളുടെ ദേശം സന്ദർശിക്കുവാൻ ജ്ഞാന സംബന്ധരെ ക്ഷണിച്ചുകൊണ്ട് ഒരു എഴുത്ത് അയച്ചു.എന്നാൽ ഈ എഴുത്ത് കിട്ടുന്നതിനുമുമ്പ് തന്നെ ജ്ഞാനദൃഷ്ടിയാൽ ജ്ഞാന സംബന്ധർ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു. അങ്ങനെ പാണ്ഡ്യ ദേശത്ത് പോകണമെന്ന് കരുതിയിരുന്നപ്പോഴാണ് എഴുത്ത് ലഭിച്ചത്. ഉടൻ തന്നെ 16000 ശിവഭക്തരോടൊപ്പം മധുരയിലേക്ക് ആഘോഷപൂർവ്വം യാത്ര തിരിച്ചു.
ഒടുവിൽ അദ്ദേഹം സംഘാംഗങ്ങളോടൊപ്പം മധുരയിൽ എത്തി. മധുരാ നഗരത്തിന്റെ സമീപമുള്ള പർവതങ്ങളിൽ വസിക്കുന്ന ഈശ്വര വിശ്വാസം ഇല്ലാത്ത മന്ത്രവാദികൾ ജ്ഞാന സംബന്ധർ വസിക്കുന്ന മഠത്തിന്റെ ചുറ്റിലും അഗ്നി വ്യാപിപ്പിച്ചു.പുറത്ത് സർവത്ര അഗ്നി വ്യാപിച്ചുവെങ്കിലും പക്ഷേ അദ്ദേഹത്തിന്റെ വാസസ്ഥാനത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ അഗ്നിക്ക് ആയില്ല.ഭവനത്തിന്റെ മുകളിലും അഗ്നി കണ്ടുവെങ്കിലും
സുന്ദരേശ ഭഗവാന്റെ അനുഗ്രഹത്താൽ ആണ് അഗ്നി ഭവനത്തിന്റെ ഉള്ളിൽ പ്രവേശിക്കാതിരുന്നത്.
ജ്ഞാന സംബന്ധർ ആകട്ടെ കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാക്കാൻ വേണ്ടി ആ അഗ്നി, ജ്വര രൂപത്തിൽ രാജാവിനെ പ്രാപിക്കട്ടെ എന്ന് ആഗ്രഹിച്ചു. അഗ്നി പ്രാപിച്ചപ്പോൾ രാജാവ് അസഹ്യമായ ചൂട് കൊണ്ട് ഭൂമിയിൽ വീണ് ഉരുണ്ടു. മന്ത്രവാദികൾ അവരുടെ കർമ്മം നിഷ്ഫലമായെന്നും രാജാവ് ചൂടിനാൽ അസ്വസ്ഥനാണെന്നും അറിഞ്ഞപ്പോൾ ചികിത്സിക്കാനായി എത്തി. അവരുടെ ചികിത്സ ഫലിച്ചില്ല. ജ്വരം അസഹ്യമായപ്പോൾ രാജാവ് ബോധരഹിതനായി. ബോധം വന്നപ്പോൾ ജ്ഞാന സംബന്ധരുടെ സഹായം തേടാമെന്ന് മന്ത്രിയും രാജ്ഞിയും അഭിപ്രായപ്പെട്ടു. പക്ഷേ രാജാവ് അത് സ്വീകരിച്ചില്ല. അപ്പോൾ രാജ്ഞി രാജാവിനോട് ഇങ്ങനെ അഭ്യർത്ഥിച്ചു.
“മന്ത്രവാദികളെയും വൈദിക ശ്രേഷ്ഠരേയും വരുത്തുക അവരിൽ ആരാണോ ജ്വരപാപം തീർക്കുന്നത് ആ ആളെ അങ്ങ് ഗുരുവായി സ്വീകരിക്കുക..”
ഇതുകേട്ട രാജാവ് മന്ത്രവാദികളായ നിരീശ്വരവാദികളെയും രാജ്ഞി ജ്ഞാന സംബന്ധരെയും വരുത്തി. മന്ത്രവാദികൾ വൃത്താകൃതിയിൽ ഇരിക്കുന്നതിന്റെ മധ്യത്തിൽ ശിഷ്യർ നൽകിയ ഉത്തമ പീഠത്തിൽ ജ്ഞാന സംബന്ധർ ഇരുന്നു. രാജാവിന്റെ ശരീരത്തിൽ വലതുഭാഗത്തെ താപം ജ്ഞാനസമ്പന്നർ കളയണമെന്നും ഇടതുഭാഗത്തെ താപം മന്ത്രവാദികൾ കളയണമെന്നും ഉള്ളതായിരുന്നു പ്രതിജ്ഞ. ജ്ഞാന സംബന്ധർ അത് സമ്മതിച്ചു. അദ്ദേഹത്തിന്റെ സ്പർശനം രാജാവിന് വൈമനസ്യം ഉണ്ടാക്കിയെങ്കിലും ഒടുവിൽ സമ്മതിച്ചു
ഹാലാസ്യ ക്ഷേത്രത്തിലെ അടുപ്പിലെ ഭസ്മം എടുത്തുകൊണ്ടു വന്നാൽ രാജാവിന്റെ ജ്വരം മാറ്റാമെന്ന് ജ്ഞാന സംബന്ധർ പറഞ്ഞു. ഭസ്മം ധരിക്കുകയോ സ്മരിക്കുകയോ ചെയ്യാത്ത മന്ത്രവാദികൾക്ക് ഭസ്മം എടുത്തു കൊണ്ടുവരാൻ സാധിക്കുകയില്ലെന്നും, രാജഭൃത്യൻമാരെ കൊണ്ട് ആ കർമ്മം ചെയ്യിക്കണമെന്നും ഉള്ളതായിരുന്നു അവരുടെ അഭിപ്രായം.
രാജഭൃത്യൻമാർ കൊണ്ടുവന്ന ഭസ്മം ജ്ഞാന സംബന്ധർ കയ്യിൽ വാങ്ങി സുന്ദരശ ഭഗവാനെ ധ്യാനിച്ചുകൊണ്ട് ശൈവ തേജസ് ആണ് ഭസ്മത്തിലുള്ളതെന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ട് പഞ്ചാക്ഷരി ജപിച്ചു. എന്നിട്ട് പാവനമായ ആ ഭസ്മം രാജാവിന്റെ ശരീരത്തിൽ ഇട്ടു കൈകൊണ്ട് തടവി. അപ്പോൾ ആ ഭാഗത്തുണ്ടായിരുന്ന ജ്വരം മാറി. അത് പെട്ടെന്ന് ഇടതുഭാഗത്തേക്ക് വ്യാപിച്ചു. ഇരുഭാഗത്തേയും ജ്വരം ഒരിടത്ത് ആയപ്പോൾ രാജാവ് ഏറെ ദുഃഖിച്ചു.സാമർത്ഥ്യം ഉണ്ടെന്ന് അഹങ്കരിച്ച മന്ത്രവാദികൾ പീലി കൊണ്ട് ഇടതുഭാഗം സ്പർശിച്ചു ജപിച്ചു.. അപ്പോൾ ജ്വരം ഇരട്ടി ആവുകയും ജ്വരത്താൽ പീലിയുടെ അഗ്രം കരിയുകയും ചെയ്തു.
രാജാവ് മന്ത്രവാദികളോട് കോപിച്ചു. ഇടതുഭാഗത്തെ ജ്വരം മാറ്റാൻ വിഷമമാണെന്നും ജ്ഞാന സംബന്ധർ അത് മാറ്റുകയാണെങ്കിൽ അദ്ദേഹത്തെ അംഗീകരിക്കാം എന്നും മന്ത്രവാദികൾ പറഞ്ഞു. ജ്ഞാന സംബന്ധർ ആ ഭാഗം സ്പർശിച്ചു. ഭസ്മത്തോടുകൂടിയ അദ്ദേഹത്തിന്റെ സ്പർശനമേറ്റ ഉടൻ തന്നെ രാജാവിന്റെ ജ്വരം മാറി. മാത്രമല്ല പൂർവാധികം ബലവും സൗഖ്യവും രാജാവിന് അനുഭവപ്പെട്ടു.
സന്തുഷ്ടനായ രാജാവ് മന്ത്രിയെയും രാജ്ഞിയേയും പ്രശംസിച്ചു. ജ്ഞാന സംബന്ധരേ സാഷ്ടാംഗം പ്രണിച്ചു. രാജാവിന്റെ ഞാനെന്ന ഭാവം മാറി.രാജാവ് ജ്ഞാന സംബന്ധരേ ഗുരുവായി സ്വീകരിച്ചു. ജ്ഞാന സംബന്ധരാകട്ടെ കുബ്ജ പാണ്ഢ്യന്റെ ശരീരത്തിൽ ഭസ്മം പുരട്ടി. അപ്പോൾ രാജാവ് സുന്ദരനായി മാറി. ശിവ ഭഗവാന്റെ സന്തോഷത്തിനും അനുഗ്രഹത്തിനും സഹായിക്കുന്ന പഞ്ചാക്ഷര മന്ത്രം രാജാവിന് ഉപദേശിച്ചു. ഭസ്മ മാഹാത്മ്യം മനസ്സിലാക്കിയപ്പോൾ എല്ലാവരും ഭസ്മം ധരിച്ചു. കൂനില്ലാതെയായി മാറിയ രാജാവിന് സുന്ദര പാണ്ഡ്യൻ എന്ന നാമം നൽകി.
തന്റെ ജനനം മുതൽക്കുള്ള കൂന് മാറ്റിയ ജ്ഞാന സംബന്ധരെ രുദ്രൻ എന്ന ഭാവത്തോടെ അദ്ദേഹം വിധി പോലെ പൂജിച്ചു. ജ്ഞാന സംബന്ധർ ഹാലാസ്യനാഥനെയും മീനാക്ഷി ദേവിയെയും സ്തുതിച്ചുകൊണ്ട് പുതിയ ഗീതങ്ങൾ എഴുതി. രാജ പത്നിയും മന്ത്രിയും ഹാലാസ്യനാഥന് വിശിഷ്ട വസ്തുക്കൾ സമർപ്പിച്ചു. ലജ്ജിതരായ ഭവിച്ച മന്ത്രവാദികൾ തിരിച്ചുപോയി..
കുബ്‌ജം, ജ്വരം എന്നിവ മാറ്റുകയും രാജാവിനെ ഭക്തിമാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്ത ഈ ലീലയുടെ ശ്രവണവും പാരായണവും ജ്ഞാനവും മോക്ഷവും നൽകും..
അടുത്ത ഹാലാസ്യ മാഹാത്മ്യം 63 – മന്ത്രവാദികളുടെ ശൂലാരോഹണം.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















