തൃശൂർ: സ്ഥിരം കുറ്റവാളിയായി ഉത്തരവിറക്കിയ സംഭവം രാഷ്‌ട്രീയ പകപോക്കലാണെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ്‌കുമാർ. സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചു.
”താൻ ഇതുവരെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടില്ല. സമരങ്ങളിൽ മാത്രമാണ് പൊലീസ് കേസടുത്തിട്ടുള്ളത്. ക്രിമിനൽ കേസുകളുള്ള മറ്റ് രാഷ്‌ട്രീയ പ്രവർത്തകർക്കെതിരെ ചുമത്താത്ത വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസുകാർ ചാണകം തളിച്ച സംഭവത്തിൽ പ്രവർത്തകരെ വടി എടുത്ത് അടിച്ചു എന്നാണ് പറയുന്നത്. അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. ആ കേസ് ചാർജ് ചെയ്തത് അറിഞ്ഞത് ഇന്നലെയാണ്. ഈ കേസിൽ നോട്ടീസ് പോലും ലഭിച്ചിട്ടില്ല”. – അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ഐപിസി 170-ാം വകുപ്പ് പ്രകാരം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തൃശൂർ ജില്ലാ അദ്ധ്യക്ഷനെ സ്ഥിരം കുറ്റവാളി ചുമത്തി ഉത്തരവിറക്കിയത്. തൃശൂർ ഈസ്റ്റ് പൊലീസാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. രാഷ്‌ട്രീയ പകപോക്കലാണെന്നും നിയമപരമായി നേരിടുമെന്നും ബിജെപി പറഞ്ഞു.















