ന്യൂഡൽഹി: അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലുകളും ഉണ്ടാകില്ലെന്നും അന്വേഷണ ഏജൻസികളാണ് കൃത്യമായ നടപടികൾ എടുക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“രാജ്യത്തെ അപകടത്തിൽ നിന്ന് രക്ഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷനേടാൻ ഒരു അഴിമതിക്കാരനും സാധിക്കില്ല. അഴിമതിയയെും അഴിമതിക്കാരെയും രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള എല്ലാ അവകാശവും സ്വാതന്ത്ര്യവും അന്വേഷണ ഏജൻസിക്ക് ഞാൻ നൽകിയിട്ടുണ്ട്. അവർ സത്യസന്ധതയോടെ പ്രവർത്തിച്ച് അഴിമതിക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം”.
തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് വേണ്ടിയല്ല, താൻ അഴിമതിക്കെതിരെ പോരാടുന്നത്. ഇത് തന്റെ കടമയാണ് തന്റെ ഉത്തരവാദിത്തമാണ്. അഴിമതിയിൽ നിന്ന് രാജ്യത്തെ മുക്തമാക്കാനും സാധാരണക്കാരുടെ മനസിൽ അഴിമതിക്കെതിരെ വെറുപ്പ് ഉളവാക്കാനുമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.