വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്ക്.. ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ടി20 ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തി ഹാർദിക് പാണ്ഡ്യ . 222 റേറ്റിംഗുമായി രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം ഒന്നാമതെത്തിയിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹാർദിക്. 222 റേറ്റിംഗുമായി ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക രണ്ടാമതും ഓസ്‌ട്രേലിയയുടെ മാർക്കസ് സ്‌റ്റോയിനിസ് മൂന്നാമതുമാണ്.
ബാർബഡോസിൽ നടന്ന ഫൈനലിൽ ഡേവിഡ് മില്ലറുടെയും ഹെന്ററിച്ച് ക്ലാസന്റെയും വിക്കറ്റുകൾ വീഴ്‌ത്തി ഇന്ത്യയുടെ വിജയത്തിൽ പാണ്ഡ്യ നിർണായക പങ്കുവഹിച്ചിരുന്നു. ടൂർണമെന്റിൽ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ താരം 144 റൺസും 11 വിക്കറ്റുകളും സ്വന്തമാക്കി. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ പരിക്കേറ്റ് പുറത്തായ ഹാർദിക് പിന്നീട് രാജ്യാന്തര മത്സരം കളിച്ചത് ടി20 ലോകകപ്പിലാണ്.
ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഭാവി സുരക്ഷിതമാക്കാൻ ടീം മാനേജ്‌മെന്റ് എടുത്ത തീരുമാനത്തിന്റെ പാപഭാരം ചുമക്കേണ്ടി വന്നതും ഹാർദിക്കിനായിരുന്നു. രോഹിത്തിനെ മാറ്റി നായക സ്ഥാനത്തേക്ക് ഹാർദിക് എത്തിയതോടെ ആരാധകരും താരത്തിനെതിരെ തിരിഞ്ഞു. വിമർശനങ്ങൾ ടൂർണമെന്റിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചതോടെ മുംബൈ പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു.















