കൊയിലാണ്ടി; ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെയും ജീവനക്കാരെയും എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അഭിനവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐയും പൊലീസും ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അമൽ മനോജ്. എസ്എഫ്‌ഐ ക്രിമിനൽ സംഘം കോളേജിലെത്തി പ്രധാന അധ്യാപകനെ ആക്രമിക്കുകയും പോലീസിന്റെ മുൻപിൽ വെച്ച് കൊലവിളി മുഴക്കുകയും ചെയ്തിട്ടും ഇരയെ സംരക്ഷിക്കാതെ ഭീകരവാദികൾക്ക് കുടപിടിക്കുകയാണ് കൊയിലാണ്ടിയിലെ പൊലീസെന്ന് എബിവിപി കുറ്റപ്പെടുത്തി.
പൊലീസിന്റെ സഹായത്തോടു കൂടി ഇന്ന് അസ്സൽ ഭീകര സംഘമായി മാറിയിരിക്കുകയാണ് എസ്എഫ്‌ഐ. തങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെ അക്രമങ്ങളിലൂടെ ഇല്ലാതാക്കാം എന്ന തീവ്രവാദ സംഘടനകളുടെ അതേ തനി ആവർത്തണമാണ് ഇന്ന് എസ്എഫ്‌ഐയും പിന്തുടരുന്നത്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നവതേജ് ഉൾപ്പെടെയുള്ള നേതാക്കൾ കോളേജിൽ എത്തി നടത്തിയ കൊലവിളി.
എസ്എഫ്‌ഐയുടെ ഇത്തരം തിണ്ണമിടുക്കിനെ കലാലയങ്ങളിൽ വെച്ചുപൊറുപ്പിക്കുവാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ജീവനിൽ പോലും ഭീക്ഷണിയുള്ള കോളേജ് പ്രിൻസിപ്പലിന് സുരക്ഷ ഒരുക്കാനും അക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് അഭിനവിനെയും മറ്റു ക്രിമിനലുകളെയും അധ്യാപകന്റെ കാലുവെട്ടുമെന്ന് ഭീക്ഷണി മുഴക്കിയ ക്രിമിനൽ സംഘതലവനെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കുറച്ച് നാളുകൾ മുൻപായിരുന്നു ഗുരുദേവ കോളജിന്റെ ഭാഗമായിട്ടുള്ള എസ്എൻ കോളജിലെ ഒരു വിദ്യാർഥിയെ അടുത്തുള്ള സിപിഎം പ്രവർത്തകന്റെ അടച്ചുപൂട്ടിയ വീട്ടിൽ എത്തിച്ച് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെ നേതൃത്വത്തിൽ ക്രൂരമായി പീഡിപ്പിച്ചത്. അന്നും അവരെ സംരക്ഷിക്കുന്ന നിലപാട് തന്നെയായിരുന്നു പോലീസ് കൈക്കൊണ്ടിട്ടുള്ളതെന്ന് എബിവിപി ചൂണ്ടിക്കാട്ടി.