കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരെ രാജ്ഭവന് പുറത്ത് ധർണ നടത്താൻ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ പ്രവർത്തകർ അഴിച്ചുവിട്ട അക്രമങ്ങൾക്കെതിരെ ധർണ നടത്താൻ അനുമതി തേടിയാണ് സുവേന്ദു അധികാരി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 14-ന് രാവിലെ മുതൽ വൈകിട്ട് നാല് മണി വരെയാണ് ധർണ നടത്താൻ അനുമതി നൽകിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
രാജ്ഭവന്റെ നോർത്ത് ഗേറ്റിന് സമീപത്താണ് ധർണ നടത്താൻ അനുമതി നൽകിയത്. 300-ൽ കൂടുതൽ ആളുകൾ ധർണയിൽ പങ്കെടുക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായവരെ ഉൾപ്പെടുത്തിയാണ് ധർണ നടത്താൻ ബിജെപി തീരുമാനിച്ചിരുന്നത്. ഇതിന് അനുമതി തേടി ജൂൺ 19-ന് അധികാരി കൊൽക്കത്ത പൊലീസിന് കത്തെഴുതിയിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ തൃണമൂലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ സിവി ആനന്ദബോസും രംഗത്തെത്തിയിരുന്നു. അക്രമത്തിനിരയായവരെ രാജ്ഭവനിലേക്ക് പ്രവേശിക്കാൻ മമതാ പൊലീസ് അനുവദിച്ചില്ലെന്നും സന്ദർശിക്കാൻ താൻ അനുമതി നൽകിയിട്ടും അവരെ തടഞ്ഞുവച്ചുവെന്നും ഗവർണർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
തന്നെയും രാജ്ഭവനെയും അവഹേളിക്കുന്ന തരത്തിൽ മമത നടത്തിയ വിവാദ പരാമർശങ്ങളിൽ ഹൈക്കോടതിയിൽ അപകീർത്തിക്കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഗവർണർ.















