ആലപ്പുഴ: മാന്നാറിലെ യുവതിയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം അഭിഭാഷകൻ സുരേഷ് മത്തായി. ഊഹാപോഹങ്ങളുടെയും ഊമക്കത്തിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രണ്ട് ദിവസമായി അവർ പൊലീസ് കസ്റ്റഡിയിലാണെന്നും അഭിഭാഷകൻ പറഞ്ഞു. കേസിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. പൊലീസിന്റെ ഊഹമനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെപ്റ്റിക് ടാങ്കിൽ നിന്ന് യാതൊരു വിധത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ല. പ്രതികൾക്ക് കേസുമായി ഒരു ബന്ധവുമില്ല. കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. കലയുടെ ഭർത്താവ് അനിലിനെ നാട്ടിലേക്ക് കൊണ്ടുവരണമെന്നും
അഭിഭാഷകൻ ആവശ്യപ്പെട്ടു.
അതേസമയം, കല ജീവിച്ചിരിപ്പുണ്ടെന്ന് മകൻ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. അമ്മ ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ആയിരുന്നു പ്രതികരണം. ഇതോടെ അനിൽ കുമാറിന്റെ കുടുംബം കലയുടെ മകനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയവും അന്വേഷണ സംഘം ഉന്നയിക്കുന്നുണ്ട്. കലയുടെ ഭർത്താവിനെ ഇസ്രായേലിൽ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.















