പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. പുകവലിയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യ സംരക്ഷണ രീതികൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ഉൾപ്പെടുത്തിയ നിർദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന അവതരിപ്പിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾക്കുള്ളതാണ് ഈ ശുപാർശ. ഇതിൽ, സിഗരറ്റ്, വാട്ടർ പൈപ്പുകൾ, പുകയില്ലാത്ത പുകയില, ചുരുട്ടുകൾ തുടങ്ങിയ നിരവധി ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തിലെ 1.25 ബില്യൺ പുകയില ഉപയോക്താക്കളിൽ 60 ശതമാനത്തിൽ അധികം പേരും പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, 70 ശതമാനം പേർക്കും ആരോഗ്യ സംവിധാനങ്ങളുടെ വെല്ലുവിളികൾ കാരണം ഫലപ്രദമായ സേവനം ലഭിക്കുന്നില്ല.
പുകവലി ഉപേക്ഷിക്കാനുള്ള പോരാട്ടം വളരെ വലുതാണ്. ഈ ആസക്തിയെ മറികടക്കാൻ വ്യക്തികളും അവരുടെ കുടുംബങ്ങളും സഹിക്കുന്ന കഷ്ടപ്പാടുകൾ എത്രത്തോളം വലുതാണെന്നും മനസ്സിലാക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം…
പുകയിലെ ഉല്പന്നങ്ങളുടെ ഉപയോഗം ഉപേക്ഷിക്കണം എന്ന ചിന്തയോടൊപ്പം ഫലപ്രദമായ രീതിയിൽ വൈദ്യസഹായവും ലഭിച്ചാൽ, പുകവലിക്കാരിൽ മാറ്റം ഉണ്ടാകും. ഇത്തരക്കാർക്ക്, വരേനിക്ലൈൻ, നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി (എൻആർടി), ബ്യൂപ്രിയോൺ, സൈറ്റിസിൻ തുടങ്ങിയ മരുന്നുകളും WHO ശുപാർശ ചെയ്യുന്നുണ്ട്.
30 സെക്കൻഡ് മുതൽ 3 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന കൗൺസിലിംഗും ലഭ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതിൽ, വ്യക്തിഗത, ഗ്രൂപ്പ് അല്ലെങ്കിൽ ഫോൺ കൗൺസിലിംഗ് എന്നിവയും ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടികാണിച്ചിരിക്കുന്നത്.
പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കും. കൂടാതെ, സിഗരറ്റ്, ഗുഡ്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ അനധികൃത വ്യാപാരം ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.















