ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് പ്രതി പിടിയിലായത്. കേസിലെ മുഖ്യ സൂത്രധാരനായ അമൻ സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നീറ്റ്-യുജി അന്വേഷണവുമായി ബന്ധപ്പെട്ട് ഏഴാമത്തെ അറസ്റ്റാണിത്.
കേസിലെ ആറാം പ്രതിയെ ഗുജറാത്തിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ സ്കൂൾ ഉടമയെയാണ് സിബിഐ പിടികൂടിയത്. മാർക്ക് വർദ്ധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് പത്ത് ലക്ഷം രൂപ വരെ ഇയാൾ തട്ടിയെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ വിദ്യാർത്ഥികളിൽ സമാന തട്ടിപ്പിനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.
നീറ്റ്-യുജി ക്രമക്കേടുകൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ഉറപ്പ് നൽകിയിരുന്നു. ജൂൺ 29-ന് ഹസാരിബാഗിൽ നിന്ന് മാദ്ധ്യമ സ്ഥാപനത്തിലെ മാർക്കറ്റിംഗ് പ്രൊഫഷണലായ യുവാവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് മുമ്പ് ബിഹാറിലെ പാട്നയിൽ നിന്നും രണ്ട് പ്രതികളെ അന്വേഷണ സംഘം പിടികൂടിയിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികൾ വിദ്യാർത്ഥികൾക്ക് പരീക്ഷയ്‌ക്ക് മുമ്പ് ചോദ്യപേപ്പർ ചോർത്തി നൽകുകയും ഉത്തരസൂചിക കൈമാറുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നീറ്റ്-യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിലവിൽ ആറ് എഫ്ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.