ന്യൂഡൽഹി: ജമ്മു കശ്മീരിൽ സന്ദർശനം നടത്തി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാകിസ്താനോട് ചേർന്ന് നിയന്ത്രണരേഖയിൽ സൈന്യത്തിന്റെ പ്രവർത്തനവും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി. കരസേനാ മേധാവിയായി ചുമതലയേറ്റടെുത്ത ശേഷം ഇതാദ്യമായാണ് ഇവിടെ എത്തുന്നത്. പൂഞ്ച്-രജൗരി മേഖലകളിലും അദ്ദേഹം സന്ദർശനം നടത്തി.
കഴിഞ്ഞ മാസം റിയാസിയിൽ തീർത്ഥാടകരുടെ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റിയാസിയിലും അമർനാഥ് യാത്രയ്‌ക്കായുള്ള സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം പരിശോധിച്ചു. അമർനാഥിലേക്കുള്ള യാത്രയ്‌ക്കിടെയുള്ള വനമേഖല കൂടിയാണ് ഇവിടം. കശ്മീരിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഭീകരർക്ക് ഇവിടേക്ക് നുഴഞ്ഞുകയറുന്നതിന് നിരവധി മാർഗങ്ങളുണ്ടെന്നും അത് തടയുന്നതിന് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും തീരുമാനമായി.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം പൂഞ്ച്-രജൗരി മേഖലകളിൽ പാക് വംശജരും പാകിസ്താനിൽ നിന്ന് പരിശീലനം ലഭിച്ചിട്ടുള്ളതുമായ 30ഓളം ഭീകരർ തമ്പടിച്ചിട്ടുണ്ട്. അതിനാൽ മേഖലയിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. നോർത്തേൺ കമാൻഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ എം വി ശുചീന്ദ്ര കുമാർ, 16 കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ നവീൻ സച്ച്ദേവ എന്നിവരും കരസേനാ മേധാവിക്കൊപ്പം എത്തിയിരുന്നു. വിവിധ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥരുമായും വിമുക്തഭടന്മാരുമായും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുമായും അദ്ദേഹം സംവദിച്ചു.