വയനാട്: പൊഴുതനയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ജോലിക്കായി രാവിലെ വീട്ടിൽ നിന്നിറങ്ങിയ വിജയൻ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. വിജയനെ കണ്ടതും കാട്ടാന പാഞ്ഞുവന്ന് ആക്രമിച്ചു. വീട്ടിൽ നിന്നും 500 മീറ്റർ അകലെ വച്ചായിരുന്നു സംഭവം നടന്നത്.
കാട്ടാനയുടെ ചവിട്ടേറ്റ വിജയന്റെ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. സുഗന്ധഗിരി മേഖലയിൽ വന്യജീവി ആക്രമണങ്ങൾ പതിവായി നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഒന്നര മാസത്തിന് മുമ്പും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.















