27 വർഷങ്ങൾക്കു ശേഷം ശേഷം ‘അമ്മ’ ജനറൽ ബോഡി മീറ്റിങ്ങിലെത്തിയ സുരേഷ് ഗോപിക്ക് വലിയ സ്വീകരണമാണ് താരങ്ങൾ നൽകിയത്. ഒരു മധുര പ്രതികാരം എന്നപോലെ കേന്ദ്രമന്ത്രിയായാണ് അമ്മയിലേക്ക് അദ്ദേഹം തിരിച്ചെത്തിയത്. താരങ്ങളിൽ താരമായി സുരേഷ് ഗോപി തിളങ്ങി. സെൽഫിയെടുക്കാനും അഭിനന്ദിക്കാനും ഓർമ്മകൾ പുതുക്കാനുമായി സഹപ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞിരുന്നു. ഇതിനിടയിൽ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
നടൻ ഭീമൻ രഘു സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. സുരേഷ് ഗോപിയ്‌ക്ക് പിന്നാലെ ബിജെപിയിലേക്ക് വന്നുവെങ്കിലും സ്ഥാനമാനങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി പറഞ്ഞ് പാർട്ടി അംഗത്വം ഉപേക്ഷിച്ച് പോയതാണ് ഭീമൻ രഘു. പിന്നീട് സിപിഎമ്മിൽ അംഗത്വം എടുക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിയായി തിരിച്ചെത്തിയ സുരേഷ് ഗോപിയെ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ഭീമൻ രഘു അഭിനന്ദിക്കുകയും ചെയ്തു.
“അമ്മയിൽ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്. നമുക്കിപ്പോൾ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്‌ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്”-എന്നായിരുന്നു ഭീമ വാക്കുകൾ.