ടി20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഇന്ത്യൻ താരങ്ങൾ. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ടി20 ലോകകപ്പ് ജേതാക്കൾ ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയിൽ ടി20 ലോകകപ്പ് ജേതാക്കളായ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ടി20 ലോകകപ്പിലെ വിജയം മുന്നോട്ടുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇന്ത്യൻ ടീമിന് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ടീമംഗങ്ങളുടെ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു.
പരിശീലകൻ രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും ചേർന്നാണ് പ്രധാനമന്ത്രിയുടെ കയ്യിലേക്ക് ടി20 കിരീടം വച്ചുനൽകിയത്. ടി20 കിരീടത്തിനൊപ്പം നിന്നുകൊണ്ട് പ്രധാനമന്ത്രിയും താരങ്ങളും ഫോട്ടോ എടുത്തു. ലോകകപ്പ് യാത്രയെ കുറിച്ച് പരിശീലകനും താരങ്ങളും പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ പ്രധാനമന്ത്രിയും താരങ്ങളും ചിരിക്കുന്നത് കാണാം. പരിശീലകൻ രാഹുൽ ദ്രാവിഡ്, നായകൻ രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ചാമ്പ്യൻസ് എന്നെഴുതിയ ജഴ്‌സി ധരിച്ചാണ് ഇന്ത്യൻ ടീം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെത്തിയത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജർ ബിന്നി എന്നിവരും ഇന്ത്യൻ ടീമിനെ അനുഗമിച്ചു.
#WATCH | Indian Cricket team meets Prime Minister Narendra Modi at 7, Lok Kalyan Marg.
Team India arrived at Delhi airport today morning after winning the T20 World Cup in Barbados on 29th June. pic.twitter.com/840otjWkic
— ANI (@ANI) July 4, 2024
“>
കൂടിക്കാഴ്ചയ്‌ക്ക് ശേഷം വിക്ടറി മാർച്ചിനും അനുമോദന ചടങ്ങിനുമായി ഇന്ത്യൻ ടീം മുംബൈയിലേക്ക് യാത്ര തിരിച്ചു. മുംബൈയിൽ നടക്കാനിരിക്കുന്ന അനുമോദന ചടങ്ങിലും വിക്ടറി പരേഡിലും ഈ പുതിയ ജഴ്സിയായിരിക്കും ഇന്ത്യൻ താരങ്ങൾ ധരിക്കുക. ഇന്ന് രാവിലെ 6 മണിയോടെയാണ് ഇന്ത്യൻ താരങ്ങൾ ഡൽഹിയിലെത്തിയത്. നാട്ടിലെത്തിയ താരങ്ങളെ കരാഘോഷങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത്.