വിനോദസഞ്ചാരികളെ ആകർഷിച്ച് വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയം. നാടിന്റെ ചരിത്രവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന ഇടമാണിവിടം. വിനോദസഞ്ചാര മേഖലയിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും ഒരു നാടിന്റെ ചരിത്രമുറങ്ങുന്ന ഇടമാണ് കുഞ്ഞോത്തെ കുങ്കിച്ചിറക്കരികെയുള്ള മ്യൂസിയം. നാടിന്റെ ചരിത്രത്തെ അടുക്കും ചിട്ടയോടെ തയ്യാറാക്കി വച്ചിരിക്കുകയാണ് ഈ മ്യൂസിയത്തിൽ.
കുഞ്ഞകങ്ങളുടെ നാടായ കുഞ്ഞോത്ത് കലാകാരന്മാർ വരയ്‌ക്കുന്ന ചിത്രം പോലെ, ചതുരത്തിൽ നിർമിച്ചെടുത്തൊരു ചിറ. വടക്കൻ പാട്ടുകളിൽ പറയുന്ന കൊടുമന കുങ്കി നിർമിച്ച ചിറയായതിനാലാണ് ഇതിനെ കുങ്കിച്ചിറയെന്ന് പറയുന്നത്. കണ്ണിന് കുളിർമ നൽകുന്ന പായൽപ്പച്ച നിറത്തിലാണ് ചിറയുള്ളത്. ഒരിക്കലും വറ്റാത്ത ജലാശയമാണിത്.
പണ്ട് കർണാടകയിൽ നിന്ന് പടിഞ്ഞാറൻ കടൽ തീരത്തേക്കുള്ള സഞ്ചാര പാത ഇതുവഴിയായിരുന്നുവെന്നാണ് പറയുന്നത്. പഴശ്ശിയുടെ പടയോട്ട കാലത്തും പ്രധാന കേന്ദ്രമായിരുന്നു കുങ്കിച്ചിറ. അത്ഭുതപ്പെടുത്തുന്ന ചരിത്ര കഥകളാണ് ചിറയ്‌ക്കരികത്തെ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വയനാട്ടിലെ ആദിവാസി- ഗോത്ര വർഗത്തെയും അവരുടെ ജീവിതത്തിന്റെ യഥാർത്ഥ ചിത്രവും മ്യൂസിയത്തിൽ കാണാനാകും. കാർഷിക പാരമ്പര്യം, ഗോത്ര സംസ്കാരം, വൈദ്യ ചികിത്സയുടെ പ്രധാന്യം തുടങ്ങിയ വയനാടൻ ജനജീവിതത്തിന്റെ നേർക്കാഴ്ചയാണ് മ്യൂസിയത്തിലുള്ളത്. വയനാടിനെ കുറിച്ച് പൂർണമായറിയാൻ ഈ മ്യൂസിയത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതിയാകും.
വയനാടിന്റെ ഉത്സവങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ കോർത്തിണക്കി വച്ചിരിക്കുന്ന അനേകം ചിത്രങ്ങൾ. പണ്ടത്തെ കാലത്ത് ഉപയോഗിച്ചിരുന്ന 20 ഓളം നെൽ വിത്തുകളും മ്യൂസിയത്തിൽ വച്ചിട്ടുണ്ട്. വട്ടി, മൺകലം, മുറം തുടങ്ങിയ അന്നത്തെ വീട്ടുസാധനങ്ങളുൾപ്പെടെ മ്യൂസിയത്തിലുണ്ട്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.















