ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ വികസനവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടത്തിയതെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് വീണ്ടുമൊരു ശക്തികേന്ദ്രമായി ഉയർന്നു വരുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ചന്ദ്രബാബു നായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിലുള്ള നിർണായക നിർദ്ദേശങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണയും തേടിയെന്ന് അദ്ദേഹം അറിയിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിലെ സുപ്രധാന പങ്കാളിയായ തെലുങ്കുദേശം പാർട്ടി (ടിഡിപി) കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിക്ക് പുറമെ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവരുമായും സംസ്ഥാനത്തെ പ്രത്യേക വിഷയങ്ങളിൽ ചന്ദ്രബാബു നായിഡു ചർച്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിക്ക് പുറമെ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവരുമായും സംസ്ഥാനത്തെ വിഷയങ്ങളിൽ ചന്ദ്രബാബു നായിഡു ചർച്ച നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരുമായും നായിഡു ഇന്നും നാളെയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് എത്തിയത്.















