—ആർ.കെ രമേഷ്—
വേർതിരിവില്ലാതെ അതിർവരമ്പുകളില്ലാതെ ഇന്ത്യയെന്ന രാജ്യം ഒന്നാകുന്നുണ്ടെങ്കിൽ അത്, ക്രിക്കറ്റിന് വേണ്ടിയാകും..!ക്രിക്കറ്റ് മതവും സച്ചിൻ ദൈവവുമാകുന്ന നാട്ടിൽ വർഷങ്ങളുടെ കിരീട വറുതി തീർത്ത് ടി20 ലോകകപ്പുമായി മടങ്ങിയെത്തിയ ടീമിനെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് വരവേൽക്കുക. പ്രായ-ലിംഗ ഭേദമോ, സാമ്പത്തിക പരിഗണനകളോ, ജാതി വ്യത്യാസങ്ങളോ ക്രിക്കറ്റ് ആവേശത്തിന് മുന്നിൽ ഏശില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ഈ ടീമിന് സ്വാഗതമരുളാൻ എത്തിയവരുടെ നീണ്ടനിര. അവർക്ക് പെയ്തിറങ്ങിയ കനത്ത മഴ ഒരു പ്രശ്നമേ ആയിരുന്നില്ല. കാത്തിരിപ്പ് മുഴിപ്പുമായില്ല.
അഞ്ചുമണിക്ക് വിക്ടറി പരേഡ് തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും മുംബൈ നഗരവീഥികൾ രാവിലെ മുതലെ ആരാധകർ കൈയടക്കിയിരുന്നു. കാത്തിരിപ്പ് നീണ്ടെങ്കിലും ആവേശം ചേരാതെ നിലനിർത്താൻ പാട്ടുപാടിയും നൃത്തം ചവിട്ടിയും ആർപ്പുവിളിച്ചും ആരാധക വൃന്ദം അന്തരീക്ഷത്തിൽ ഊർജം നിറച്ചു. ഓരോ കൈയിലും ദേശീയ പതാകകൾ പാറിക്കളിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ 7.45ന് ശേഷമാണ് വിക്ടറി പരേഡിന് തുടക്കമായത്. ടീം ബസിന് മുന്നിൽ സുരക്ഷാകവചമൊരുക്കി പൊലീസും സേനയും അണിനിരന്നു. തിരക്ക് നിയന്ത്രിക്കാൻ ഇവർ പെടാപാട് പെട്ടു.
രോഹിത്തും ഹാർദിക്കും വിരാടും കിരീടം ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്തു. സഞ്ജുവും പന്തും അക്സറും അടക്കമുള്ള യുവതാരങ്ങൾ ബസിന് ഒരുവശത്ത് നിന്ന് കാണികളെ കൈ വീശികാട്ടിയും ഫ്ലൈയിംഗ് കിസ് നൽകിയും ആവേശത്തിൽ പങ്കാളികളായി. പരിശീലകൻ രാഹുൽ ദ്രാവിഡ് തൊഴുകൈകളോടെയാണ് ആരാധർക്ക് നന്ദി പറഞ്ഞത്.ഒമ്പതോടയാണ് ടീം വാങ്കഡെയിലേക്ക് പ്രവേശിച്ചത്.