വേട്ടയാൻ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സ്റ്റൈൽ മന്നൻ രജനികാന്തും കമൽഹാസനും. ഈ രണ്ട് ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രേക്ഷക ആകാംക്ഷ ഇരട്ടിയാക്കികൊണ്ട് ഷൂട്ടിംഗ് ലോക്കേഷനിലെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കഥാപാത്രത്തിന്റെ മേക്കപ്പിട്ട് നിൽക്കുന്ന കമൽഹാസന്റെയും രജനികാന്തിന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ അരുൺ പ്രസാതാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും രംഗത്തെത്തി. എവിടെ വച്ചാണ്, എങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത്, രണ്ട് സിനിമകളുടെയും ലൊക്കേഷൻ ഒരു സ്ഥലത്താണോ എന്നിങ്ങനെയാണ് പ്രേക്ഷകർ ചോദിക്കുന്നത്. വേട്ടയാനിലെ ലുക്കിലാണ് രജനികാന്തുള്ളത്. ഇന്ത്യൻ -2യിലെ കഥാപാത്രമായ സേനാപതിയുടെ വേഷത്തിലാണ് കമൽഹാസൻ. സൂപ്പർസ്റ്റാർ രജനികാന്ത്, ഉലകനായകൻ കമൽഹാസൻ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് അരുൺ പ്രസാത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രജനികാന്തിന്റെ 170-ാമത്തെ ചിത്രമായ ‘വേട്ടയാൻ’ ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 73-ാം പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറക്കിയിരുന്നു. 1996-ൽ കമൽഹാസൻ നായകനായി പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന സിനിമയുടെ തുടർച്ചയാണ് ‘ഇന്ത്യൻ 2’. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്തിറങ്ങിയത്.















