ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.
സന്ദർശനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 6 ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ( ഐ ഐ എസ് ടി ) യുടെ 12 ാമത് കോൺവൊക്കേഷനിൽ ഉപരാഷ്‌ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മികവ് തെളിയിച്ച കുട്ടികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡൽ ഓഫ് എക്സലൻസ് സമ്മാനിക്കുകയും ചെയ്യും.
ജൂലൈ 7 ന് ഉപരാഷ്‌ട്രപതി കൊല്ലത്തും അഷ്‌ടമുടി കായലിലും സന്ദർശനം നടത്തും. കഴിഞ്ഞ ഡിസംബറിലായിരുന്നു ഉപരാഷ്‌ട്രപതി അവസാനമായി കേരളം സന്ദർശിച്ചത്. സന്ദർശനത്തിൽ അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ അദ്ദേഹം തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്തിരുന്നു.















