ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളുകൾ നൽകുന്നത്. ഇന്ന് പുലർച്ചെ 2.30 വരെയാണ് ബ്രിട്ടണിൽ വോട്ടെടുപ്പ് നടന്നത്. രാവിലെ 11 മണിയോടെ ആദ്യഫലസൂചനകൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. 650 സീറ്റുകളാണ് ബ്രിട്ടീഷ് പാർലമെന്റിലുള്ളത്.
ലേബർ പാർട്ടിക്ക് അധികാരം ലഭിച്ചാൽ മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമായ കെയ്ർ സ്റ്റാർമർ അടുത്ത പ്രധാനമന്ത്രിയാകും. ശക്തികേന്ദ്രങ്ങളിൽ പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നാണ് സർവേഫലങ്ങൾ നൽകുന്ന സൂചന. 131 സീറ്റുകളിൽ കൺസർവേറ്റീവ് പാർട്ടി ഒതുങ്ങുമെന്നും സർവേഫലം പറയുന്നു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 61 സീറ്റുകൾ നേടുമെന്നും കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള റിഫോം യുകെ എന്ന പാർട്ടി 13 സീറ്റുകൾ നേടുമെന്നും എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. എക്‌സിറ്റ്‌പോളുകൾ ശരി വയ്‌ക്കുന്ന ഫലങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 34 സീറ്റുകളിൽ ലേബർ പാർട്ടിയും 2 സീറ്റുകളിൽ കൺസർവേറ്റീവ് പാർട്ടിയും വിജയിച്ചിട്ടുണ്ട്.
ലേബർ ക്യാമ്പിൽ ആഘോഷവും സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകളും തുടങ്ങി. ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശം. 650 അംഗ പാർലമെന്റിൽ 326 ആണ് സർക്കാരുണ്ടാക്കാൻ വേണ്ട കേവലഭൂരിപക്ഷം.