തിരുച്ചി : വഴിയോരക്കച്ചവടക്കാരനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ .തിരുച്ചി ശ്രീരംഗം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സ്‌പെഷ്യൽ അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ രാധനെയാണ് സസ്പെൻഡ് ചെയ്തത്.
വഴിയോരക്കച്ചവടക്കാരനിൽ നിന്ന് കപ്പലണ്ടി വാങ്ങി കഴിച്ച രാധൻ പണം ചോദിച്ചപ്പോൾ കച്ചവടക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് സസ്‌പെൻഷൻ. രണ്ട് ദിവസം മുൻപാണ് രാധൻ കടയിലെത്തി കപ്പലണ്ടി വാങ്ങി കഴിച്ചത് . പണം ചോദിച്ചപ്പോൾ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി.
താൻ ശ്രീരംഗം പോലീസ് സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്, കാശില്ലാതെ സാധനം തരില്ലേ എന്നൊക്കെയായിരുന്നു എസ് ഐയുടെ ചോദ്യം .മാത്രമല്ല കടയുടമയുടെ മകനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കടയുടമ ശ്രീരംഗം പോലീസ് സ്റ്റേഷനിൽ വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരാണ് രാധനെ കൂട്ടിക്കൊണ്ടുപോയത് . കടയുടമ ട്രിച്ചി മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ കാമിനിയ്‌ക്ക് പരാതിയും നൽകിയിരുന്നു. അതിന് പിന്നാലെയാണ് നടപടി.















