മുംബൈ: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വീണ്ടും കൂടി. ജൂണിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ജൂണിൽ ഇറക്കുമതിയുടെ 45.3 ശതമാനം റഷ്യയിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം 46.3 ലക്ഷം വീപ്പയാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്.
അതേസമയം ഇറാഖ്, സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ വിഹിതം കുറഞ്ഞിട്ടുണ്ട്. ജൂണിൽ ഇരു രാജ്യങ്ങളുടേയും വിഹിതം 36 ശതമാനമാണ്. മേയിൽ ഇത് 39 ശതമാനമായിരുന്നു. ഗൾഫിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് നിലവിൽ റഷ്യൻ എണ്ണ ഇന്ത്യക്ക് ലഭിക്കുന്നത്. ഇതാണ് റഷ്യയിൽ നിന്ന് കൂടുതൽ ചരക്ക് വാങ്ങാനുള്ള കാരണവും.
ജൂണിൽ ഇറാഖിന്റെ ക്രൂഡ് ഓയിൽ വീതം 17.2 ശതമാനവും സൗദിയുടേത് ഒൻപത് ശതമാനവും അമേരിക്കയുടേത് 8 ശതമാനവുമാണ്. ഇറാഖിൽ നിന്ന് പ്രതിദിനം എട്ട് ലക്ഷം വീപ്പയും സൗദിയിൽ നിന്നും 4.3 ലക്ഷവുമാണ് രാജ്യത്തെത്തിയത്. ഒരു ദശാബ്ദത്തിനിടെ സൗദിയിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ വിഹിതമാണിത്.
യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് റഷ്യ – ഇന്ത്യ വ്യാപാരബന്ധം ഏറെ മെച്ചപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഇറാഖ്, സൗദി എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയിൽ കൂടുതലായും വാങ്ങിയിരുന്നത്.