മുംബൈ: രാജ്യത്തെ മുൻനിര കമ്പനികളുടെ വിപണി മൂല്യം കുതിച്ചുയരുന്നു. ഓഹരി വിപണിയിൽ ഉണ്ടായ റെക്കോർഡ് ഉയർച്ചയാണ് ഇതിന് കാരണമായത്. വിപണി മൂല്യം ലക്ഷം കോടി കടന്ന കമ്പനികളുടെ എണ്ണം വ്യാഴാഴ്ച 100 കടന്നു. പൊതുമേഖലാ സ്ഥാപനമായ മസഗാവ് ഡോക് ഷിപ്പ്‌യാർഡാണ് ഒടുവിലായി പട്ടികയിൽ കയറിയത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മൂല്യത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. 20.02 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനി കമ്പനിയുടെ മൂല്യം. 14.54 ലക്ഷം കോടിയുമായി ടിസിഎസും 13.14 ലക്ഷം കോടിയുമായി എച്ച്ഡിഎഫ്സിയും തോട്ട് പിറകെയുണ്ട്. 100 കമ്പനികളുടെ പട്ടികയിൽ 22 കമ്പനികൾ പൊതുമേഖലയിൽ നിന്നുള്ളതാണ്. എസ്ബിഐ, എൽഐസി, ഒഎൻജിസി, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും ഇതിൽ ചിലതാണ്.
രാജ്യത്തെ മികച്ച പ്രതിരോധ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യംചരിത്രത്തിലാദ്യമായി 70,000 കോടി രൂപയ്‌ക്ക് മുകളിലെത്തി. കഴിഞ്ഞ ദിവസം കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ 243.60 രൂപ വർദ്ധിച്ച് 2,679.95 രൂപയിലെത്തിയതോടെയാണ് വിപണി മൂല്യം 70,504 കോടി രൂപയായത്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിക്ഷേപകർക്ക് ഏറ്റവുമധികം നേട്ടം നൽകിയ രാജ്യത്തെ കമ്പനികളിലൊന്നായി ഇതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ് മാറി.















