യൂറോ കപ്പിൽ പോർച്ചുഗലിനെതിരെ ക്വാർട്ടറിനിറങ്ങുന്ന ഫ്രാൻസ് പ്രതികാരത്തിന്റെ കണക്ക് തീർക്കാനാണ് ഇന്ന് കളിക്കളത്തിൽ എത്തുന്നത്. 2016-ലെ ഫൈനലിൽ പോർച്ചുഗലിനോട് ഏറ്റ തോൽവിക്ക് കണക്കുതീർക്കണം. ഫൈനലിൽ എഡറിന്റെ ഗോളിൽ പോർച്ചുഗൽ കിരീടം ഉയർത്തുമ്പോൾ ഫ്രാൻസിന് നഷ്ടപ്പെട്ടത് മൂന്നാം കിരീടം എന്ന സ്വപ്നം നേട്ടമാണ്. ഫൈനലിലെ കണക്കുതീർക്കാൻ 2020 യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനെ നേരിട്ട ഫ്രാൻസിന് അന്നും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ന് ക്വാർട്ടറിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറാനാണ് എംബാപ്പെയുടെയും സംഘത്തിന്റെയും ശ്രമം. ലോകഫുട്ബോളിലെ രണ്ട് വമ്പൻമാർ ഏറ്റുമുട്ടുന്ന ഹൈ വോൾട്ടേജ് മത്സരത്തിനാണ് ഇന്ന് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും, റൊണോ ആരാധകനായ എംബാപ്പെയും കളത്തിൽ ഇറങ്ങുന്നുവെന്ന പ്രത്യേകതയും പോർച്ചുഗൽ -ഫ്രാൻസ് ക്വാർട്ടർ മത്സരത്തിനുണ്ട്.
തന്റെ ആരാധനാപാത്രമാണ് റൊണാൾഡോയെന്ന് പലതവണയും എംബാപ്പെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ ബഹുമാനമൊന്നും കളത്തിലുണ്ടാവില്ലെന്നുറപ്പാണ്. കഴിഞ്ഞ ലോകകപ്പ് കിരീടം നഷ്ടമായതിന്റെ സങ്കടം ചെറുതായെങ്കിലും മാറണമെങ്കിൽ ഫ്രാൻസിന് യൂറോ കിരീടം കിട്ടിയേ തീരു. അവസാന യൂറോ കപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച റൊണോയ്‌ക്ക് വേണ്ടി പോർച്ചുഗലിനും കിരീടം നേടിയേ തീരൂ.















