ബെംഗളൂരു : ഉപമുഖ്യമന്ത്രിമാരുടെ എണ്ണത്തെ ചൊല്ലിയുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കർണ്ണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രബിന്ദുവായി നടന്ന അഴിമതി വെളിപ്പെട്ടിരിക്കുന്നു. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) 50:50 പ്രോത്സാഹന പദ്ധതിയിലെ (50:50 incentive scheme ) ക്രമക്കേടാണ് ഏറ്റവും പുതിയത്. മൈസൂരുവിലെ ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന ആളുകൾക്ക് ആപ്രദേശം വികസിച്ച ശേഷം ഒന്നുകിൽ അവരവർക്ക് നഷ്‌ടമായ സൈറ്റുകളുടെ 50% അല്ലെങ്കിൽ ബദൽ സൈറ്റുകൾ ലഭിക്കും എന്ന പദ്ധതിയാണ് 50:50 പ്രോത്സാഹന പദ്ധതി.
മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഒരു ബദൽ സൈറ്റ് അനധികൃതമായി ക്രമം വിട്ട് അനുവദിച്ചതാണ് ഇപ്പോഴത്തെ ആരോപണത്തിന് നിദാനം. ഇത് കൂടാതെ ബദൽ സൈറ്റുകൾ അനുവദിക്കുമ്പോൾ മുഡ തികഞ്ഞ പക്ഷപാതിത്വത്തോടെ പെരുമാറി എന്നും കർണ്ണാടക കോൺഗ്രസിലെ സിദ്ധരാമയ്യ വിഭാഗം നേതാക്കൾക്കും അവരുടെ ബിനാമികൾക്കും ബന്ധുക്കൾക്കും നിയമവിരുദ്ധമായ അലോട്ട്‌മെന്റുകൾ ലഭിച്ചു എന്നുമാണ് ആരോപണം.
ഇത്തരത്തിൽ നിരവധി ആളുകൾക്ക് അർഹതപ്പെട്ടതിലും കൂടുതൽ ബദൽ സൈറ്റുകൾ ലഭിച്ചു. ലെ ഔട്ടുകൾ വികസിപ്പിക്കാൻ വേണ്ടി ഭൂമി വിട്ടു നൽകിയ ചിലർക്ക് , അവരുടെ പഴയ ഭുമിയേക്കാളും അളവിൽ കൂടുതലും , അവ വികസിപ്പിച്ചാൽ ലഭ്യമാകുന്ന വിലയിലും കൂടുതലും വിപണി വിലയുള്ള കണ്ണായ ഭാഗങ്ങളിൽ ബദൽ ഭൂമി ലഭിച്ചതായും ആരോപണമുണ്ട്. ഇതുമൂലം മുഡയ്‌ക്ക് നൂറുകണക്കിന് കോടിയുടെ നഷ്ടമുണ്ടായി.
വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതുവരെ 50:50 പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്കുള്ള സൈറ്റ് അനുവദിക്കുന്നത് റദ്ദാക്കാൻ മുഡയോട് കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് സർക്കാർ ഉത്തരവുകൾ വന്നിട്ടും ഇത്തരത്തിൽ സൈറ്റ് അനുവദിക്കുന്നത് തുടർന്നു. അർഹരായ ഗുണഭോക്താക്കൾക്ക് സൈറ്റുകൾ നൽകുന്നതിനുപകരം, അവ സ്വാധീനമുള്ള ആളുകൾക്കും റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർക്കും അനുവദിച്ചതായി പരാതിയുണ്ട്
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പരവതിക്കും “മാനദണ്ഡങ്ങൾ ലംഘിച്ച്” ബദൽ സൈറ്റ് ലഭിച്ചതായി ബിജെപിയുടെ പ്രതിപക്ഷ നേതാവ് (ആർ അശോക ആരോപിച്ചതോടെയാണ് ഈ വിവാദം കൊഴുത്തത്. പാർവതിയുടെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന ഭൂമിയിൽ ദേവനൂർ ലേഔട്ട് മുഡ വികസിപ്പിച്ചതിന് ശേഷം ഭൂമി വില വളരെ കൂടുതലുള്ള സമീപപ്രദേശങ്ങളിലൊന്നായ വിജയനഗറിൽ അവർക്ക് ബദൽ സ്ഥലം ലഭിച്ചു.
വിവരാവകാശ പ്രവർത്തകൻ ഗംഗരാജു സംഘടിപ്പിച്ച രേഖകൾ ഈ വസ്തുത വ്യക്തമാക്കുന്നു.ഇതിനകം തന്നെ വികസിപ്പിച്ച ലേഔട്ടിൽ വില അനുസരിച്ച് പാർവതിക്ക് അനുവദിക്കാമായിരുന്ന സൈറ്റുകൾ ഉണ്ടായിരുന്നിട്ടും മുഡയ്‌ക്ക് താരതമ്യേന വിലകൂടിയ പ്രദേശത്താണ് അവർക്ക് ഭൂമി അനുവദിച്ചത്.
4,000 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആർ അശോക ആരോപിക്കുന്നു.”ഇത്രയും വലിയ അഴിമതി നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയോ നിങ്ങളുടെ പങ്കാളിത്തമില്ലാതെയോ നിങ്ങളുടെ ജന്മദേശത്ത് നടക്കുമോ?” എന്ന ആർ അശോകയുടെ ചോദ്യം ഏറെ പ്രസക്തമാണ്.
മുഡ കമ്മീഷണർ ദിനേശ് കുമാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ നഗരവികസന മന്ത്രി ബൈരതി സുരേഷ് ഇതിനകം സ്ഥലം മാറ്റി.
1996ൽ തന്റെ ഭാര്യാസഹോദരൻ മല്ലികാർജുന മൂന്ന് ഏക്കറും 36 സെന്റ് ഭൂമി വാങ്ങി സഹോദരി പാർവതിക്ക് സമ്മാനിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഡ ആ പ്ലോട്ടുകൾ ഏറ്റെടുത്തതിന് ശേഷം സ്വത്ത് അവർക്ക് നഷ്ടമായെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുഡ ഭൂമി അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ സീനിയർ ഐഎഎസ് ഓഫീസർ വെങ്കിടാചലപതിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി നൽകിയ ബദൽ സൈറ്റുകളുടെ മൂല്യം വളരെ കുറവായതിനാൽ സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് നഷ്ടം സംഭവിച്ചതായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എഎസ് പൊന്നണ്ണ വ്യാഴാഴ്ച അവകാശപ്പെട്ടു. കേസരെ വില്ലേജിലെ 3.16 ഏക്കർ ഭൂമി മുഡ തിരികെ നൽകിയാൽ അവർ നൽകിയ ബദൽ സ്ഥലങ്ങൾ തിരികെ നൽകാൻ സിദ്ധരാമയ്യയുടെ ഭാര്യ തയ്യാറാണെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എ എസ് പൊന്നണ്ണ പറഞ്ഞു.
ഇത് സിബിഐക്ക് വിടേണ്ട കേസല്ലെന്നും മുഡ കുംഭകോണം അന്വേഷിക്കുകയാണെന്നും എല്ലാം സിബിഐക്ക് നൽകാനാവില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.















