കാസർകോട്: സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച പുസ്തകങ്ങൾക്ക് പകരം പുതിയ പുസ്തകങ്ങളുമായി സ്‌കൂളിലെത്തി പൊലീസ് ഉദ്യോഗസ്ഥർ
പൊലീസ് ഉദ്യോഗസ്ഥർ. ബോവിക്കാനം പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾക്കാണ് സ്നേഹ സമ്മാനങ്ങളുമായി ആദൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയത്. കുട്ടികൾക്ക് പുസ്തകങ്ങളും പുതിയ ക്രയോണുകളും സമ്മാനിച്ചു.
കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് ആദ്യം സ്കൂളിലെത്തിയത്. സമ്മാനങ്ങളുമായെത്തിയ ഉദ്യോഗസ്ഥർ ഓരോരുത്തർക്കും പുസ്തകങ്ങളും ക്രയോണും വിതരണം ചെയ്തു. നഷ്ടപ്പെട്ട പുസ്തകങ്ങൾക്ക് പകരം പുതിയത് കിട്ടിയതിന്റെ സന്തോഷത്തിലാണ് കുരുന്നുകൾ. കേസ് അന്വേഷിക്കാനെത്തിയപ്പോൾ പേടിയൊടെ നോക്കിക്കണ്ട പൊലീസ് ഉദ്യോഗസ്ഥർ സമ്മാനങ്ങളുമായി എത്തിയതോടെ കുട്ടികൾക്ക് അവർ കാക്കി മാമന്മാരായി.
കുട്ടികളിൽ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ഞങ്ങളുടെ വകയായുള്ള സ്നേഹ സമ്മാനമാണിത്. സ്കൂളിലെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസ് വിദ്യാർത്ഥികളോടൊപ്പമുണ്ട് എന്ന് കാണിക്കാൻ കൂടി വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് സാമൂഹ്യവിരുദ്ധർ സ്കൂളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചത്. തങ്ങളുടെ പുസ്തകങ്ങൾ കത്തിച്ച നിലയിൽ കിടക്കുന്നതാണ് തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടികൾ കണ്ടത്. പുസ്തകങ്ങളുൾപ്പെടെയുള്ള പഠനോപകരണങ്ങൾ അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് സമ്മാനങ്ങളുമായി പൊലീസ് സ്കൂളിലെത്തിയത്.















