എറണാകുളം: മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചതായി പരാതി. പനയപ്പള്ളി സ്വദേശിയ്‌ക്കെതിരെയാണ് യുവതി പരാതി നൽകിയത്. രജിസ്ട്രേഡ് കത്തിലൂടെയാണ് തലാഖ് ചൊല്ലിയത്. മുസ്ലിം വ്യക്തി നിയമപ്രകാരം സാക്ഷികളുടെ സാന്നിധ്യത്തിൽ ബന്ധം തലാഖ് ചെയ്ത് വേർപ്പെടുത്തിയതായാണ് കത്തിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ മട്ടാഞ്ചേരി പോലീസ് കേസെടുത്തു.
മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ച യുവതി ജനം ടിവിയോട് തന്റെ ദയനീയാവസ്ഥ തുറന്നു പറഞ്ഞു. “വിവാഹജീവിതം ഒട്ടും പിൻവലിക്കാൻ പറ്റാത്ത തരത്തിലുള്ള മുത്തലാഖാണ് ചെയ്തിരിക്കുന്നത്. ഒന്നാം തീയതിയാണ് അത് എനിക്ക് കിട്ടിയത്. പൂർണ്ണമായും ഒരു ബന്ധവും ഇല്ലെന്നാണ് കത്തിൽ പറയുന്നത്. ആൾക്ക് ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് മാറി താമസിക്കുകയായിരുന്നു. അതിൽ ഒരു കേസും നിലനിൽക്കുന്നുണ്ട്”-യുവതി പറഞ്ഞു.
മുത്തലാഖ് നിയമപ്രകാരം നിരോധിച്ചിട്ടും കേരളത്തിൽ ഇത് മൂന്നാമത്തെ കേസാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതി നിരവധി തവണ ഗാർഹിക പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഭർത്താവുമായി വേർപിരിഞ്ഞ യുവതി മാറി താമസിച്ചത്. ഇതിനിടയാണ് രജിസ്റ്റർ പോസ്റ്റിലൂടെ തലാഖ് ചൊല്ലി എന്നുള്ള കത്ത് അയക്കുന്നത്.