ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പരീക്ഷയുടെ (NEET-PG) തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ദേശീയ പരീക്ഷാ ബോർഡിന്‌റെ (NBE) ഔഗ്യോഗിക വെബ്സൈറ്റിൽ ഇതുസംബന്ധിച്ച വിവരം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 23ന് നടക്കേണ്ട പരീക്ഷയായിരുന്നു ആരോഗ്യമന്ത്രാലയം നീട്ടിവച്ചത്. natboard.edu.in എന്ന വെബ്സൈറ്റിൽ നിന്നും തീയതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളറിയാം.
രാജ്യത്തുടനീളമുള്ള സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സിന് അപേക്ഷിക്കുന്നതിനായി എംബിബിഎസ് ഡിഗ്രിയുള്ളവർ എഴുതേണ്ട യോഗ്യതാ പരീക്ഷയാണ് NEET PG. നീറ്റ്, നെറ്റ് യോഗ്യതാ പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു NEET PG പരീക്ഷ മാറ്റിവച്ചത്. സർക്കാരിന്റെ ആന്റി-സൈബർ ക്രൈം ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രാലയത്തിലെ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് വീണ്ടും പരീക്ഷ തീയതി പ്രഖ്യാപിച്ചത്.