ലക്നൗ: ഹത്രാസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേകാന്വേഷണ സംഘം. 15 പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി പ്രശാന്ത് കുമാർ, ചീഫ് സെക്രട്ടറി മനോജ് കുമാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറി. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കർശന നിർദേശം മുഖ്യമന്ത്രി നൽകിയിരുന്നതിനെ തുടർന്നാണ് നടപടി.
ആഗ്ര എഡിജി അനുപം കുൽസ്രേഷ്തയും അലിഗഡ് കമ്മീഷണർ വി. ചൈത്രയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 90 പേരുടെ മൊഴിയടങ്ങുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആൾദൈവം ബോലെ ബാബയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഇയാളുമായി ബന്ധമുള്ള രാഷ്‌ട്രീയക്കാരുടെ വിശദാംശങ്ങളും പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന.
ജൂലൈ രണ്ടിന് ഹത്രാസിൽ നടന്ന സത് സംഘിന് പിന്നാലെയായിരുന്നു അപകടമുണ്ടായത്. പതിനായിരക്കണക്കിന് പേർ ഒത്തുകൂടിയ ചടങ്ങിന് ശേഷം തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിക്കുകയായിരുന്നു 121 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ബോലെ ബാബയുടെ സേവകരായിരുന്നു സത് സംഘിൽ പങ്കെടുത്തത്. പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകിയ സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തിനിടയാക്കിയതിന് പിന്നിലുള്ള വീഴ്ച ആരുടെ ഭാഗത്താണ് സംഭവിച്ചതെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.















