കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. മൂന്ന്, നാല്, അഞ്ച് വരെ പ്രതികളായ അരുൺ, ഷബിൻ ലാൽ, അതുൽ കെ എന്നിവർക്കാണ് ജാമ്യം. തലശേരി അഡീ. ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവം നടന്ന് 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നായിരുന്നു ജാമ്യം.
ബോംബ് നിർമാണത്തിൽ 15 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ഭൂരിഭാഗം പേരും ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരാണ്. പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ വരും ദിവസങ്ങളിലും ശേഷിക്കുന്ന പ്രതികൾ പുറത്തിറങ്ങിയേക്കും.
ബോംബ് നിർമാണത്തിനിടെ നടന്ന പൊട്ടിത്തെറിയിൽ സിപിഎം അനുഭാവി ഷെറിൽ കൊല്ലപ്പെടുകയും പാർട്ടി അനുഭാവി വിനീഷിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ അനാസ്ഥ കാരണമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ആളൊഴിഞ്ഞ വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത്. ബോംബ് നിർമാണത്തിൽ യാതൊരു പങ്കും പാർട്ടിക്കില്ലെന്ന് പറഞ്ഞ് വിഷയം നിഷേധിക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ട ഷെറിലിന്റെ വീട്ടിലേക്ക് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എത്തിയിരുന്നു. എന്നാൽ മാനുഷിക പരിഗണന നൽകിയത് കൊണ്ട് പോയതാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിചിത്ര വാദം.