ശ്രീനഗർ: ആറ് ദിവസത്തിനുള്ളിൽ അമർനാഥ് യാത്രയിൽ പങ്കാളികളായത് 1.30 ലക്ഷം തീർത്ഥാടകർ. ഇന്നലെ മാത്രം 24,000 തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. 7,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിന്ന് രാവിലെ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.
ആറ് ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 1,30,260 പേരാണ് അമർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. തീർത്ഥാടകരുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലെ റെക്കോർഡുകൾ തകർത്ത് കൊണ്ടാണ് ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകിയെത്തുന്നത്. യാത്രയ്‌ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അമർനാഥ് ഗുഹയിലേക്കുള്ള രണ്ട് വഴികളിലും തീർത്ഥാടകരുടെ സുരക്ഷയ്‌ക്കായി ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
പാതകളിൽ മെഡിക്കൽ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും യാത്രാമദ്ധ്യേ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂൺ 29-ന് ആരംഭിച്ച 52 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര ഓഗസ്റ്റ് 19-നാണ് സമാപിക്കുന്നത്.
കഴിഞ്ഞ വർഷം തീർത്ഥാടനത്തിന്റെ പത്താം ദിവസമായിരുന്നു തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നത്. ഈ വർഷം ആദ്യ ദിനങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.















