ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷൻ ചെയ്താൽ വൈറൽ അണുബാധയെ പ്രതിരോധിക്കാമെന്ന സാമന്തയുടെ വാക്കുകൾക്കെതിരെ സോഷ്യൽമീഡിയ. നിരവധി പേരാണ് താരത്തെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. സാമന്ത പങ്കുവച്ച അശാസ്ത്രീയമായ ചികിത്സാ രീതിക്കെതിരെ ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക്ക് എബി ഫിലിപ്സ് രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
‘വൈറൽ അണുബാധയ്‌ക്കായി മരുന്ന് എടുക്കുന്നതിന് മുമ്പ് മറ്റൊരു രീതി പരീക്ഷിക്കൂ. ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യൂ…’-എന്നാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ വാദത്തിന് ഡോ. സിറിയക്ക് ട്വിറ്ററിലൂടെയാണ് മറുപടി നൽകിയത്.
ആരോഗ്യ വിഷയങ്ങളിലും ശാസ്ത്രീയ വിഷയങ്ങളിലും സാമന്ത നിരക്ഷരയാണ്. സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്തമ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. ഇത്തരത്തിലൊരു രീതി പ്രചരിപ്പിച്ചതിൽ സാമന്തയ്‌ക്ക് കർശനമായ ശിക്ഷ നല്കണമെന്നും ജയിലിൽ അടയ്‌ക്കണമെന്നുമാണ് ഡോ. സിറിയക്ക് ട്വിറ്ററിലൂടെ കുറിച്ചത്.
ലിവർ ഡോക്ടറിന്റെ വിമർശനത്തിന് സാമന്ത മറുപടിയും നൽകി. അണുബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നിരുന്നു. പ്രൊഫഷണൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരുന്നു മരുന്ന് കഴിച്ചത്. ഈ ചികിത്സകളിൽ പലതും വളരെ ചിലവേറിയതും ആയിരുന്നു. എന്നെ പോലൊരാൾക്ക് ഇത് താങ്ങാൻ കഴിയും. പക്ഷെ, സാധാരണക്കാർ ആ അവസ്ഥയിലൂടെ കടന്നു പോയാൽ എന്ത് ചെയ്യേണ്ടി വരുമെന്നുമാണ് സാമന്ത ചോദിക്കുന്നത്.
25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സാരീതി നിർദ്ദേശിച്ചതെന്നും താരം പോസ്റ്റിൽ പറയുന്നുണ്ട്. തനിക്ക് ഫലം ചെയ്തൊരു രീതിയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചതെന്നും മറ്റുള്ളവരെ സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും കുറിച്ചിട്ടുണ്ട്. ആരെയും ഉപദ്രവിക്കാൻ താൻ ഒരിക്കലും ശ്രമിച്ചില്ലെന്നും ഇത്തരം കാര്യങ്ങൾ പങ്കുവെക്കുമ്പോൾ ഇനി ശ്രദ്ധിക്കുമെന്നും സാമന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.















