സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുഷ്പ-2. അടുത്തിടെയാണ് ചിത്രത്തിന്റെ റീലിസ് തീയതി മാറ്റിവച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഓഗസ്റ്റ് 31-നാണ് ചിത്രീകരണം പൂർത്തിയാകുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രം ആഗസ്റ്റ് 15-ന് തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ എഡിറ്റിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനാലും ചില സീനുകളുടെ ചിത്രീകരണം നടക്കുന്നതിനാലും റിലീസ് മാറ്റിവക്കുകയായിരുന്നു. റിലീസ് തീയതി മാറ്റിവച്ച വിവരം അല്ലു അർജുൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഡിസംബർ ആറിനാണ് പുഷ്പ-2 തിയേറ്ററുകളിലെത്തുന്നത്.
500 കോടി ബജറ്റിലാണ് പുഷ്പ-2 നിർമിക്കുന്നത്. ആദ്യ ഭാഗം വമ്പൻ ഹിറ്റായിരുന്നു. അതേ ആവേശത്തിലായിരിക്കും രണ്ടാം ഭാഗവും എത്തുക എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഫഹദ് ഫാസിൽ, ശ്രീതേജ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഡിസംബർ 17-നാണ് പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. അതേ മാസം തന്നെയാണ് പുഷ്പ-2 ഉം പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. സുകുമാര്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമാണം മൈത്രി മൂവി മേക്കേഴ്‌സാണ്.















