ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷമാണ് മലയാള സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടമായതെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപിനെ തനിക്ക് വിശ്വാസമാണെന്നും അതിൽ പ്രതികരിച്ചത് അമ്മ സംഘടനയ്‌ക്ക് വേണ്ടിയാണെന്നും നടി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവസരങ്ങൾ നഷ്ടമാകുന്നുവെന്ന് ലക്ഷ്മി പ്രിയ തുറന്നുപറഞ്ഞത്.
“ഈയൊരു പ്രശ്നം കൊണ്ട് എന്റെ സംഘടനയായ അമ്മ നിന്നു പോകുമോ എന്ന ആദിയായിരുന്നു എനിക്ക്. ഞാൻ മാത്രമാണ് ഈ പ്രശ്നങ്ങളിലൊക്കെ പ്രതികരിച്ചത്. അന്നുമുതലാണ് എന്റെ അവസരങ്ങളെല്ലാം പോയത്. സത്യം പറഞ്ഞാൽ ദിലീപേട്ടന്റെ വിഷയത്തിൽ ഞാൻ പരസ്യമായി സംസാരിച്ചതാണ് ഈ ഒതുക്കി നിർത്തലെന്നോ, മാറ്റിനിർത്തലെന്നോ പറയുന്ന അവസ്ഥയ്‌ക്ക് കാരണം. ദിലീപ് എന്ന വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷ അനുഭവിക്കട്ടെ. നമ്മൾ ആരാണ് അദ്ദേഹത്തെ വിചാരണ ചെയ്യാൻ. അതിന്റെ പേരിൽ അമ്മ എന്ന സംഘടനയ്‌ക്ക് നേരെ പറയരുത് എന്നാണ് ഞാൻ അന്ന് പറഞ്ഞത്”.
“ഞാനൊരിക്കലും ദിലീപേട്ടനെ ന്യായീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം നിഷ്കളങ്കനാണ് എന്നതാണ് എന്റെ വിശ്വാസം. അദ്ദേഹത്തെപ്പോലൊരാൾ അങ്ങനെ ചെയ്യില്ല എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്, അതിൽ ഒരാളാണ് ഞാൻ. നമുക്കറിയാവുന്ന ഒരു ദിലീപേട്ടൻ ഉണ്ട്. ആ ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല. അദ്ദേഹം ആ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കട്ടെ. ആ സമയത്തെ എന്റെ പ്രതികരണങ്ങളൊന്നും അമ്മയ്‌ക്ക് വേണ്ടി സംസാരിച്ചതായിട്ടല്ല ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങൾ നൽകിയത്. എന്റെ വാക്കുകളെ ദിലീപ് അനുകൂലി എന്ന രീതിയിലാണ് കൊണ്ടുപോയത്”-ലക്ഷ്മി പ്രിയ പറഞ്ഞു.