തിരുവനന്തപുരം: കാട്ടാക്കടയിൽ ഓടുന്ന കെഎസ്ആർടിസി ബസിന്റെ വാതിലിലൂടെ തെറിച്ചു വീണ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. പ്ലസ് ടു വിദ്യാർത്ഥിയായ സന്ദീപിനാണ് പരിക്കേറ്റത്. വാതിലിലൂടെ കുട്ടി തെറിച്ചു വീണ വിവരം ഡ്രൈവറെ അറിയിച്ചിട്ടും ബസ് നിർത്താതെ പോയെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
തിരുമല എഎംഎച്ച്എസ് സ്കൂളിലേക്ക് പോകാൻ പൊട്ടൻകാവിൽ നിന്നും ബസ് കയറിയ സന്ദീപ് അന്തിയൂർക്കോണം പാലം കഴിഞ്ഞപ്പോഴാണ് ബസിൽ നിന്നും തെറിച്ചു വീണത്. കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നതായും പിതാവ് പ്രതികരിച്ചു. വിദ്യാർത്ഥി ബസിൽ നിന്നും തെറിച്ച് വീണിട്ടും ഡ്രൈവർ ബസ് നിർത്താൻ കൂട്ടാക്കിയില്ല. അന്തിയൂർക്കോണം ജംഗ്ഷനിൽ എത്തിയപ്പോൾ നാട്ടുകാരും സഹയാത്രികരും തടഞ്ഞാണ് ബസ് നിർത്തിയത്.
സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. നിലവിൽ, സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സന്ദീപ്.