തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് വാദം കേൾക്കുകയായിരുന്നു.
അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ പ്രതി രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണ സംഘത്തിന്റെ വാദങ്ങൾ പൂർണമായും തെറ്റാണെന്ന് പ്രതിഭാഗം വ്യക്തമാക്കി. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതിനാലാണ് വിദേശത്തേക്ക് പോയതെന്നും സുഹൈൽ പറഞ്ഞു.
എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് സുഹൈലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സുഹൈലിനെ ക്രൈംബ്രാഞ്ച് വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴക്കൂട്ടം, വെൺപാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. ആക്രമണം നടക്കുന്ന സമയത്ത് സുഹൈൽ പ്രദേശത്ത് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.