ഇടുക്കി: ഇടുക്കിയിലെ മൃഗാശുപത്രികളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഒമ്പത് മൃഗാശുപത്രികളിലാണ് ഡോക്ടർമാരില്ലാത്തത്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, വിരമിക്കൽ എന്നിവയിലൂടെ ഒഴിവ് വന്ന സ്ഥാനത്ത് പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഡോക്ടർമാരില്ലാത്തതോടെ വളർത്തുമൃഗങ്ങളുമായി അടിയന്തര ചികിത്സക്കെത്തുന്നവർ ബുദ്ധിമുട്ടുകയാണ്.
ഡോക്ടർമാരില്ലാത്ത ആശുപത്രികളിൽ ആറെണ്ണവും നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തുകളിലാണ്. നെടുങ്കണ്ടത്ത് ആറ് മാസമായി ഡോക്ടറില്ല. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസ് തസ്തികയിലെ ഡോക്ടർ അടുത്തിടെയാണ് വിരമിച്ചത്. കല്ലാറിലെ ആശുപത്രിയിലെയും സ്ഥിതി സമാനമാണ്. കട്ടപ്പനയിൽ വിരമിച്ച സീനിയർ ഡോക്ടറുടെ പോസ്റ്റും ഒഴിഞ്ഞികിടക്കുകയാണ്. സ്ഥാനകയറ്റം ലഭിച്ച അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർക്ക് പകരവും നിയമനം നടത്തിയിട്ടില്ല.
വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ കിലോമീറ്ററോളം സഞ്ചരിച്ചാണ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതെന്നും എന്നാൽ അവിടെ എത്തുമ്പോൾ ഡോക്ടർ ഉണ്ടാകില്ലെന്നും ക്ഷീര കർഷകർ പറഞ്ഞു. സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന തങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടാണെന്നും കർഷകർ പ്രതികരിച്ചു. എന്നാൽ, ഒഴിവുകൾ ഉടൻ നികത്തുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം.















