തിരുവനന്തപുരം: ശവക്കല്ലറയോടൊപ്പം ഉടമറിയാതെ പുതിയൊരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടു. 25 വർഷം മുൻപ് വിലയ്‌ക്ക് വാങ്ങിയ വസ്തുവിലാണ് പുതിയ കല്ലറ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം മുള്ളിലവുവിള കുഴിയോട് കൃഷ്ണ വിലാസം വീട്ടിൽ തങ്കരാജിന്റെ വസ്തുവിലെ പഴയ കല്ലറയ്‌ക്ക് ഒപ്പമാണ് പുതിയൊരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടത്. ഉടമ പൊലീസിൽ പരാതി നൽകി.
തങ്കരാജ് 52 വർഷമായി പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിൽ ചെയ്തുവരികയാണ്. മാസത്തിലൊരിക്കൽ നാട്ടിൽ വന്ന് മടങ്ങി പോവുകയാണ് പതിവ്. കഴിഞ്ഞ ദിവസമാണ് തങ്കരാജിന്റെ ബന്ധുക്കൾ തങ്കരാജിന്റെ വീടിനോട് ചേർന്നുള്ള പഴയ ശലക്കല്ലറയോടൊപ്പം പുതിയൊരു ശവക്കല്ലറ കൂടി കണ്ടത്. ബന്ധുക്കൾ തങ്കരാജിനെ വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തി വെള്ളറട പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ വീട്ടമ്മയുടെ പറമ്പിലുണ്ടായിരുന്ന 35 വർഷം മുൻപ് മരണപ്പെട്ട അമ്മയുടെ കല്ലറ പൊട്ടിച്ചിരുന്നതായി കണ്ടെത്തി. ഇവരുടെ ഭൂമി സമീപവാസികളായ മൂന്നംഗ സംഘം വാങ്ങാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. പുതുതായി വസ്തു വാങ്ങുന്നവരുടെ താത്പര്യമനുസരിച്ച് മാതാവിന്റെ 35 വർഷം മുൻപ് അടക്കം ചെയ് ശവക്കല്ലറ തകർത്ത് അതിലുണ്ടായിരുന്ന അവശിഷ്ടങ്ങൾ തങ്കരാജിന്റെ ഭൂമിയിൽ കുഴിച്ച് മൂടി പുതിയ കല്ലറ സ്ഥാപിക്കുകയായിരുന്നു. വീട്ടമ്മയെ ചോദ്യം ചെയ്തപ്പോൾ മാതാവിന്റെ അസ്ഥികൂടമാണ് കുഴിച്ചിട്ടതെന്ന് സമ്മതിച്ചു.