ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ട് സമൂഹത്തിലും സിനിമയിലും വേർതിരിവുകൾ അനുഭവിക്കുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. നായികമാരായാൽ മാത്രമേ സാമൂഹിക വിഷയങ്ങളിൽ ഗൗരവമായി അഭിപ്രായം പറയുമ്പോൾ വില ലഭിക്കുകയുള്ളൂ. തന്നെ പോലെയുള്ള അഭിനേതാക്കൾ എന്തെങ്കിലും വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞാൽ ഒരു കോമഡി കഥാപാത്രമായി മാത്രമേ ആളുകൾ വിലയിരുത്തുന്നുള്ളൂവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
“ഗ്രേഡ് വെച്ചുള്ള തരംതിരിവുകൾ ഉണ്ട്. ഹാസ്യ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ട് ഒരു കോമാളികളെ പോലെയാണ് ഞങ്ങൾ. കൽപ്പന ചേച്ചിയുടേത് പോലെ എന്റെ അവസാന സമയത്തായിരിക്കും നല്ല കഥാപാത്രങ്ങൾ കിട്ടുക. അങ്ങനെയെങ്കിലും നല്ല കഥാപാത്രങ്ങൾ വന്നാൽ മതിയായിരുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. അഭിനയിച്ചും നല്ല കഥാപാത്രങ്ങൾ ചെയ്തും മതിയായിട്ടില്ല. ഹാസ്യ നടിയായ ഞാൻ ആരുടെയെങ്കിലും മുൻപിൽ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ എന്തോ തെറ്റ് ചെയ്ത പോലെയാണ്. പാർവതി തിരുവോത്തിനെ പോലുള്ള ചില നായികമാർക്കെ ബൗദ്ധിക നിലവാരമുള്ള വാക്കുകൾ പറയാൻ കഴിയുകയുള്ളൂവെന്നും പ്രസംഗിക്കാൻ സാധിക്കുകയുള്ളൂവെന്നുമാണ് എല്ലാവരുടെയും വിചാരം”.
“നമുക്ക് എന്ത് അറിവുണ്ട്, ഏതൊക്കെ വിഷയത്തിൽ സംസാരിക്കാൻ കഴിയും, നമുക്ക് എന്തിനെക്കുറിച്ചൊക്കെ ബോധമുണ്ട്, നമ്മുടെ കാര്യഗൗരവത്തിന്റെ ആഴം എത്രയാണ്. ഇതൊന്നും മറുവശത്ത് ഇരിക്കുന്ന ഒരാൾക്കും അറിയില്ല. കോമഡി കഥാപാത്രങ്ങൾ അഭിനയിച്ച ഒരാളായി മാത്രമാണ് ആളുകൾ എന്നെപ്പോലുള്ളവരെ വിലയിരുത്തുന്നത്. അതിനുമപ്പുറത്തേക്ക് നമ്മൾ എഴുതുമ്പോൾ, ഇത് ഇവർ എഴുതിയതാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച ഒരാൾ കെപിഎസി ലളിതയാണ്. ചേച്ചി പറഞ്ഞിട്ടാണ് പല പുസ്തകങ്ങളും ഞാൻ വായിക്കുന്നത്. സമകാലിക സാമൂഹിക വിഷയങ്ങളിൽ എന്തെങ്കിലും പറയണമെങ്കിൽ നമ്മൾ നായികമാരാകണം. എങ്കിൽ മാത്രമേ നമുക്ക് വില ലഭിക്കുകയുള്ളൂ”-ലക്ഷ്മി പ്രിയ പറഞ്ഞു.















