വൈദ്യുതി കമ്പി പൊട്ടി വീണും ഷോക്കേറ്റും മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മഴയെത്തിയാൽ വെളിച്ചം ഇല്ലാതാകുന്നതിനൊപ്പം ഓരോ അപകടങ്ങളും ഓരോ കുടുംബത്തിന്റെ വെളിച്ചം കൂടിയാണ് ഇല്ലാതാക്കുന്നത്. സുരക്ഷാ മുൻകരുതലിനെ കുറിച്ച് ഘോരഘോരം പറഞ്ഞാലും നമ്മൾ കണ്ടില്ലാ കേട്ടില്ലാ എന്ന മട്ടിലാണ്. എന്നാൽ പാലക്കാട്ടെ ഒരു രണ്ടാം ക്ലാസുകാരന്റെ സുരക്ഷാ ബോധം ഇന്ന് ഒരു നാടിനെയാകെയാണ് രക്ഷിച്ചിരിക്കുന്നത്.
വീട്ടിൽ നിന്ന് സഹോദരിയുടെ സൈക്കിളുമായി കളിക്കാൻ ഇറങ്ങിയതായിരുന്നു ഋത്വിക് എന്ന രണ്ടാം ക്ലാസുകാരൻ. റോഡിലേക്ക് ഇറങ്ങിയപ്പോൾ അടിഭാഗം വിണ്ടുകീറിയ വൈദ്യുതി പോസ്റ്റും സമീപത്തായി പൊട്ടിവീണ ലൈൻ കമ്പിയും കുഞ്ഞു ഋത്വികിന്റെ കണ്ണിലുടക്കി. ഉടൻതന്നെ കളി ഉപേക്ഷിച്ച് തിരികെ വീട്ടിലേക്ക് പാഞ്ഞു അവൻ.
അപകടാവസ്ഥയിലുള്ള പോസ്റ്റിനെ കുറിച്ച് മുത്തശ്ശിയോട് പറഞ്ഞു. കെഎസ്ഇബിയിൽ വിളിച്ചു വിവരമറിയിക്കാൻ വീട്ടുകാരെ നിർബന്ധിക്കാനും ഋത്വിക് മറന്നില്ല. നിരവധി പേർ നിത്യവും സഞ്ചരിക്കുന്ന വഴിയാണെന്നും കരുതൽ വേണമെന്നും മുത്തശ്ശിയോട് പറഞ്ഞ അവൻ, വിളിച്ച് കാണിക്കുകയും വഴിയിലൂടെ പോയവരോട് കാര്യം ധരിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ വീട്ടുകാർ പോസ്റ്റിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കെഎസ്ഇബിയെ അറിയിച്ചു. ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച്, പുതിയ പോസ്റ്റ് സ്ഥാപിച്ച് അപകടം ഒഴിവാക്കി.
കൂടാതെ മുതിർന്ന ഉദ്യോഗസ്ഥർ ഋത്വിക്ക് പഠിക്കുന്ന പേരൂർ എ.എസ്.ബി.എൽ പി സ്കൂളിലെത്തി കുഞ്ഞുമിടുക്കനെ ആദരിച്ചു. പേരൂർ നടക്കാവിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ – അഞ്ജലി ദമ്പതികളുടെ മകനാണ് ഋത്വിക്ക്.