മുംബൈ: വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീതിൽ അതിഥിയായെത്തിയ ബോളിവുഡ് നടൻ സൽമാൻ ഖാനോടൊപ്പം നൃത്തം ചെയ്ത് അനന്ത് അംബാനി. മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൾച്ചറൽ സെന്ററിലാണ് സംഗീത് പരിപാടികൾ നടന്നത്. വേദിയിലെത്തിയ സൽമാൻ ഖാൻ അനന്തിനൊപ്പം ചുവടുവക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
‘ഐസ പെഹ്‌ലി ബാർ ഹുവാ ഹേ’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്‌ക്കുന്നത്. ഇരുവരോടൊപ്പം വേദിയിൽ നിൽക്കുന്നവരും നൃത്തം ചെയ്യുന്നുണ്ട്. നീല നിറത്തിലുള്ള കുർത്തയും സിൽവർ നിറത്തിലെ ജാക്കറ്റുമാണ് അനന്ത് ധരിച്ചിരിക്കുന്നത്. സൽമാൻ ഖാൻ കറുത്ത നിറത്തിലുള്ള ഷർട്ടും പാന്റും സ്യൂട്ടും ധരിച്ചാണ് വേദിയിലെത്തിയത്. വേദിയിലെ എല്ലാവരെയും ആകർഷിക്കുന്ന മാസ്മരിക പ്രകടനമായിരുന്നു താരത്തിന്റേത്.
കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ പ്രത്യേക പരിപാടികളും സംഗീത് ആഘോഷത്തിന്റെ ഭാഗമായി നടന്നിരുന്നു. ആയിരക്കണക്കിന് അതിഥികളുടെ സാന്നിധ്യത്തിൽ നിരവധി പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. ആന്റിലിയയിൽ പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമായത്.















