അനന്തിന്റെയും രാധികയുടെയും പ്രീവെഡ്ഡിംഗ് ആഘോഷത്തിൽ താരമായി ടി-20 ലോകകപ്പിൽ കിരീടം നേടിയ ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ. വേദിയിലെത്തിയ താരത്തിന് ആശംസകളുമായി ബോളിവുഡ് താരങ്ങളെത്തി. ബോളിവുഡ് നടൻ, വരുൺ ധവാനും സംവിധായകൻ അറ്റ്ലിയും രോഹിതിനെ ആശ്ലേഷിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
രോഹിത് ശർമയോട് വരുൺ ധവാൻ സംസാരിക്കുന്നതും അറ്റ്‌ലി സമീപത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. ചടങ്ങിൽ പങ്കെടുത്ത എല്ലാ അതിഥികളുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു രോഹിത്. ലോകകിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്ന സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും സംഗീതിൽ പങ്കെടുത്തിരുന്നു. ഭാര്യ സാക്ഷിയോടൊപ്പമാണ് എംഎസ് ധോണി ചടങ്ങിനെത്തിയത്.
സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, ആലിയ ഭട്ട്, രൺബീർ കപൂർ, വരുൺ ധവാൻ, മാധുരി ദീക്ഷിത്, ദീപിക പദുക്കോൺ, സൽമാൻ ഖാൻ, രൺവീർ സിംഗ്, അനന്യ പാണ്ഡെ, വിദ്യാ ബാലൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി നിരവധി കലാപരിപാടികളും വേദിയിൽ അരങ്ങേറി. ഈ മാസം 12-ന് നടക്കുന്ന വിവാഹത്തിൽ രാഷ്‌ട്രീയ, ബിസിനസ്, സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം.