കോട്ടയം: കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കൾ കണ്ടെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരനെതിരെ കൂടോത്രം വെച്ചിട്ടുണ്ടെങ്കിൽ അത് വി.ഡി സതീശൻ ആയിരിക്കുമെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കൂടോത്രം വെച്ചു എന്ന വാർത്ത കണ്ടു. സുധാകരനെതിരെ സതീശൻ കമ്പനി അല്ലാതെ വേറെ ആരും കൂടോത്രം ചെയ്യില്ല. വേറെ ആരാണ് സുധാകരനെതിരെ കൂടോത്രം ചെയ്യാൻ പോകുന്നത്. സുധാകരന് സിപിഎമ്മുകാർ കൂടോത്രം ചെയ്യാൻ സാധ്യതയില്ല. ഞങ്ങൾക്ക് അങ്ങനെയുള്ള ഏർപ്പാടുമില്ല. അതുകൊണ്ട്, സുധാകരനെതിരെ കൂടോത്രം ചെയ്തത് സതീശന്റെ ആളുകൾ തന്നെയായിരിക്കും”- കെ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞദിവസമാണ് സുധാകരന്റെ കണ്ണൂർ നടാലിലെ വീട്ടിൽ നിന്ന് കൂടോത്രം എന്ന് സംശയിക്കപ്പെടുന്ന ചില വസ്തുക്കൾ കണ്ടെടുത്തത്. കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തിൽ ഒരു മന്ത്രവാദിയാണ് തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുത്തത്. ഇതുകൊണ്ടൊന്നും തന്നെ അപായപ്പെടുത്താൻ കഴിയില്ല എന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു.















