തൃശൂർ: രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ് കുമാറിനെതിരായ കള്ളക്കേസിൽ ബിജെപി ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഡിഐജി ഓഫീസിന് മുന്നിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ അദ്ധ്യക്ഷനെ കാപ്പ ചുമത്തി നാടുകടത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉൾപ്പെടെ ഉണ്ടാകുന്നു എന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
സ്ത്രീകൾ ഉൾപ്പെടെ 1000-ലധികം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. തെക്കേ ഗോപുര നടയിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഹൈ റോഡിലേക്ക് എത്തുകയായിരുന്നു. കെ കെ അനീഷ് കുമാറിനെതിരെ സിആർപിസി 107-ാം വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുമ്പായി റിപ്പോർട്ട് സമർപ്പിച്ചത്. ക്രമസമാധന പ്രശ്‌നം ഉണ്ടാക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള കുറ്റവാളികൾക്ക് നേരെ ചുമത്തുന്ന വകുപ്പാണിത്. രാഷ്‌ട്രീയ പ്രവർത്തകർക്കെതിരെ ഈ വകുപ്പ് ചുമത്താറില്ല. തൃശൂരിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ജില്ലാ അദ്ധ്യക്ഷനെതിരെ ഈ വകുപ്പ് ചുമത്തിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
തേക്കിൻകാട് മൈതാനത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ അദ്ധ്യക്ഷനെതിരെ 107-ാം വകുപ്പ് ചുമത്തിയത്. തൃശൂരിലെ ബിജെപിയുടെ വിജയം സർക്കാരിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ജില്ലാ അദ്ധ്യക്ഷനെ ജയിലിലടക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് വിമർശനം.















